'കുടുംബവുമൊത്ത് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍, സൈബർ ആക്രമണത്തിൽ സഹികെട്ടു'; മുഖ്യമന്ത്രിക്ക് കത്തയച്ച് മനാഫ്

By Web Team  |  First Published Oct 9, 2024, 12:01 AM IST

ചില യൂട്യൂബ് ചാനലുകൾ തന്നെയും കുടുംബത്തെയും അർജുന്‍റെ കുടുംബത്തേയും എന്‍റെ മതവിശ്വാസത്തെയും നിരന്തരം അവഹേളിച്ച് വേദനിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മനാഫ് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു.


കോഴിക്കോട്: താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിയെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം തുടരുന്നതിനാല്‍ കണ്‍മുന്‍പില്‍ കുടുംബം തകരുന്നത് കാണേണ്ടി വരികയാണെന്നും സൂചിപ്പിച്ച് അര്‍ജ്ജുന്‍ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സെപ്റ്റംബര്‍ രണ്ടിന് താന്‍ കോഴിക്കോട് പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടി വൈകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഇന്ന് അയച്ചു നല്‍കിയ കത്തിലാണ് വൈകാരികമായ പരാമര്‍ശങ്ങളുള്ളത്.

കഴിഞ്ഞ ദിവസം രാവിലെയാണ് മനാഫ് മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി ഇതുസംബന്ധിച്ച പരാതി അയച്ചു നല്‍കിയത്. ചില യൂട്യൂബ് ചാനലുകൾ തന്നെയും കുടുംബത്തെയും അർജുന്‍റെ കുടുംബത്തേയും എന്‍റെ മതവിശ്വാസത്തെയും നിരന്തരം അവഹേളിച്ച് വേദനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഓഗസ്റ്റ് രണ്ടാം തീയതിയാണ് പരാതി നൽകിയത്. എന്നാൽ ഇന്നേ വരെ ആ പരാതിയിൽ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അർജുന്‍റെ മരണത്തിൽ മാനസികമായി തളർന്ന വേളയിലും എനിക്കെതിരെ വിദ്വേഷ പ്രചാരണം തുടരുകയാണെന്ന് മനാഫ് മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു.

Latest Videos

undefined

സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അധികൃതര്‍ നടപടി നീട്ടിക്കൊണ്ടുപോവുകയാണെന്ന് മനാഫ് ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് തന്നെ പരാതി അയക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഏതാനും പേരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ നീക്കത്തിനെതിരേ പോലീസ് ഒരു നടപടിയും സ്വീകരിക്കാത്തതില്‍ താനും കുടുംബവും നിരാശരാണെന്ന് കത്തില്‍ സൂചിപ്പിച്ച മനാഫ്, ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധ പതിയണമെന്നും തനിക്കും കുടുംബത്തിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

Read More : വയലിൽ 6 ചാക്കുകൾ, പരിശോധിച്ചപ്പോൾ തെളിവ് കിട്ടി, 'പ്രാർത്ഥന വീട്'; തിരിച്ചെടുപ്പിച്ചു, 50,000 രൂപ പിഴ ചുമത്തി

click me!