'നികേഷിന് ഒരു പങ്കുമില്ല', അഭിമുഖം നല്‍കാനാണ് താന്‍ സ്വപ്നയോട് ആവശ്യപ്പെട്ടതെന്ന് ഷാജ് കിരണ്‍

By Web Team  |  First Published Jun 10, 2022, 12:08 PM IST

ഫോണ്‍ കൈമാറാന്‍ സ്വപ്നയോട് പറഞ്ഞിട്ടില്ലെന്നും ഷാജ് കിരണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 


തിരുവനന്തപുരം: സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നികേഷിന് ഒരു പങ്കുമില്ലെന്ന് ഷാജ് കിരണ്‍. നികേഷിന് അഭിമുഖം നല്‍കാനാണ് സ്വപ്ന സുരേഷിനോട് താന്‍ ആവശ്യപ്പെട്ടത്. ഫോണ്‍ കൈമാറാന്‍ സ്വപ്നയോട് പറഞ്ഞിട്ടില്ലെന്നും ഷാജ് കിരണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നികേഷ് കുമാർ എന്നയാൾ ബന്ധപ്പെട്ടാൽ ഫോണ്‍ കൈമാറാനാണ് ഷാജ് കിരണ്‍ നിർദ്ദേശിച്ചതെന്നായിരുന്നു ഇന്നെല സ്വപ്ന പറഞ്ഞത്.

അതേസമയം സ്വപ്ന സുരേഷിനെ കാണുകയോ നേരിട്ട് സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടര്‍ ടി വി എംഡി എം വി നികേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമാണ് നികേഷ് കുമാറെന്നാണ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രിക്ക് പുറത്തുനിന്നൊരു നാവിന്‍റെയും ശബ്ദത്തിന്‍റെയും ആവശ്യമില്ലെന്നും  അങ്ങനെ ആവാന്‍ താന്‍ തയ്യാറുമല്ലെന്നും നികേഷ് കുമാര്‍ പറഞ്ഞു. 

Latest Videos

മുന്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയിലെ പരിചയമാണ് ഷാജ് കിരണുമായി ഉള്ളത്. സ്വപ്നയുടെ അഭിമുഖത്തിനായി ഷാജ് കിരണ്‍ വിളിച്ചിരുന്നു. പലതരത്തിലുള്ള സമ്മര്‍ദ്ദം സ്വപ്ന നേരിടുന്നതായി ഷാജ് കിരണ്‍ പറഞ്ഞിരുന്നു. ഷാജ് കിരണും സ്വപ്നയും ചേര്‍ന്ന് തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണ്. തന്നെ തന്ത്രപൂര്‍വ്വം പാലക്കാട് എത്തിക്കാന്‍ ശ്രമം നടന്നു. അഭിമുഖത്തിന്‍റെ പേര് പറഞ്ഞത് കുടുക്കാന്‍ വേണ്ടിയാണ്. ഷാജിനും സ്വപ്നയ്ക്കും പുറമേ ആരൊക്കെ ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തും. കൂടുതല്‍ പേര് ഉണ്ടാകുമെന്നാണ് സംശയം. തന്നെ വിവാദത്തിലാക്കി പരിഭ്രമത്തിലാക്കാന്‍ ശ്രമിക്കേണ്ട, നടക്കില്ലെന്നും നികേഷ് കുമാര്‍ പറഞ്ഞു. 

ഷാജ് മുഖ്യമന്ത്രിയുടെ ദൂതനായാണ് സ്വപ്ന സുരേഷിനെ സമീപിച്ചതെങ്കില്‍ പൊലീസ് അന്വേഷിക്കണം. താന്‍ മധ്യസ്ഥനാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു കടലാസ് തുണ്ടെങ്കിലും ഹാജരാക്കാന്‍ സ്വപ്നയെയും അഭിഭാഷകനെയും വെല്ലുവിളിക്കുകയാണ്. അങ്ങനെ തെളിയിച്ചാല്‍ പറയുന്ന പണി ചെയ്യാമെന്നും നികേഷ് കുമാര്‍ പറഞ്ഞു.  

click me!