വടകരയിൽ രാകി മിനുക്കിയ തിളക്കമുള്ള 'ബ്രാൻഡ്' ഷാഫി പറമ്പിൽ !

By Web Team  |  First Published Jun 4, 2024, 10:20 PM IST

വടകര ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഷാഫി പറമ്പിലിന് ചാർത്തി കിട്ടിയതും, കരുത്തുപകർന്നതുമായ ഒരു ഇമേജാണത്. 


'വടകര തീരുമാനിച്ചാൽ, അത്  തീരുമാനിച്ചതാ... ഷാഫി പറമ്പിലിന്റേതാണ്  ഈ വാക്കുകൾ. അന്നൊരു നാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞതാണിത്. ഷാഫി അന്ന് പറഞ്ഞതുപോലെ അങ്ങനെയൊരു തീരുമാനം വടകരക്കാർ എടുത്തു. അങ്ങനെ 'അപ്പുറത്തെ വീട്ടിലെ ചെർക്കൻ' ഇന്ന് ലോക്ശഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വീട്ടിലെ ചെറുക്കനായി. ഇതൊന്നും വെറുതെ എടുത്ത് അലക്കുന്ന പ്രയോഗങ്ങളല്ല, വടകര ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഷാഫി പറമ്പിലിന് ചാർത്തിക്കിട്ടിയതും, കരുത്തുപകർന്നതുമായ ഒരു ഇമേജാണത്. 

അങ്കത്തിന് നേരത്തെ തന്നെ കച്ചകെട്ടിയിറങ്ങിയ ശൈലജ ടീച്ചർക്കും ഉണ്ടായിരുന്നു മറ്റൊരു ഇമേജ്, 'ടീച്ചറമ്മ'. എന്നാൽ അതുക്കും മേലെ എന്തോ ഒന്ന് ഷാഫിയിൽ വടകരക്കാർ കണ്ടു എന്നതാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ ലോക്ശഭാ തെരഞ്ഞെടുപ്പിലേതു പോലെ തന്നെ നാടകീയമായിരുന്നു ഇത്തവണയും കോൺഗ്രസിന്റെ വടകരയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം. അന്ന് പി ജയരാജൻ സ്ഥാനാർത്ഥിയായി പ്രചാരണത്തിൽ ഏറെ മുന്നിലെത്തിയപ്പോഴായിരുന്നു തെക്കേ അറ്റത്തുനിന്ന് മുരളീധരനെ വടകരപ്പോരിന് നിയോഗിച്ചത്. അന്ന് മുരളി വടകരയിൽ വന്നിറിങ്ങിയപ്പോൾ, ലഭിച്ച സ്വീകരണവും തുടർന്ന് നാലിരട്ടിയിലധികം ഭൂരിപക്ഷം വർധിപ്പിച്ചുള്ള വിജയവുമെല്ലാം വടകര കണ്ടതാണ്. 

Latest Videos

ഇത്തവണയും കാര്യങ്ങൾ ഏറെക്കുറെ സമാനമായിരുന്നു. പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തുന്നതുവരെ വടകരയിൽ മുരളിക്ക് പകരം മറ്റൊരു സ്ഥാനാർത്ഥിയെ കോൺഗ്രസ് ആലോചിച്ചിരുന്നില്ല. അപ്രതീക്ഷിതമായി അങ്ങനെ ഷാഫി വന്നിറങ്ങിയത്, ഷാഫിയുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ വടകരയുടെ സ്നേഹക്കടലിലേക്കായിരുന്നു. ഒരൊറ്റ തെരഞ്ഞെടുപ്പ് റാലിയിലൂടെ ശൈലജ ടീച്ചർ ക്യാമ്പിന്റെ പ്രചാരണത്തിന് ഒപ്പം പിടിക്കാൻ ഷാഫിക്ക് കഴിഞ്ഞു. ഞാൻ വടകരയിലേക്ക് ഇല്ലെന്ന് പറഞ്ഞ് കരഞ്ഞു എന്നതായിരുന്നു ഷാഫിക്കെതിരെ തുടക്കത്തിൽ എൽഡിഎഫ് ലക്ഷ്യമിട്ടത്. പിന്നാലെ പാലക്കാട് വിട്ട് പോരുമ്പോൾ കരഞ്ഞവരുടെ കണ്ണീരിന്റെ കണക്കെടുപ്പിലേക്ക് ചർച്ചകൾ നീങ്ങി. ജനങ്ങളുമായി ഏറെ വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന, പൊതു സമൂഹത്തിൽ അങ്ങനെ ഒരു ഇമേജ് മാത്രമുള്ള ഷാഫിക്ക് നേരെ വന്ന ആദ്യത്തെ ആരോപണമായിരുന്നു അത്.

അമ്മമാരുടെ കണ്ണീരിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത എൽഡിഎഫ് ആരോപണങ്ങൾ തിരിച്ചടിച്ചു.. അതാണ് തുടക്കം.ഏറെ ജനകീയ മുഖമുള്ള ശൈലജ ടീച്ചർക്ക് വടകര എളുപ്പമായിരിക്കും എന്ന് അതുവരെ എൽഡിഎഫ് കരുതിയിരിക്കണം. ഷാഫിയുടെ വരവ് അപ്രതീക്ഷിതവും,
വൈകിയും ആണെങ്കിലും അത് വലിയ ഓളം സൃഷ്ടിച്ചുവെന്ന് വ്യക്തമാകുന്നതായിരുന്നു വടകര റെയിൽവേ സ്റ്റേഷനിൽ തുടങ്ങിയ ഷാഫിയുടെ സ്വീകരണ റാലി. ട്രെയിനിറങ്ങിയതോടെ ഷാഫി മത്സരത്തിലേക്കുള്ള വരവറിയിച്ചു എന്ന് ചുരുക്കം. എൽഡിഎഫിന് ഷാഫി എഫക്ട് പൂർണമായും തിരിച്ചറിഞ്ഞു തുടങ്ങാൻ പിന്നേയും വൈകിയെന്ന് വേണമെങ്കിൽ പറയാം.  പെട്ടെന്ന് പാലക്കാട്ടുനിന്ന് എടുത്ത് ചാടി വടകര എത്തിയതിന്റെ പകപ്പ് ഇല്ലാതെ തുടങ്ങിയ യുഡിഎഫ്  പ്രചാരണം എൽഡിഎഫ് ക്യാമ്പിനെ ഞെട്ടിക്കുന്നതായിരുന്നു. 

മുസ്ലിം ലീഗ് ഇരുകയ്യും നീട്ടി ഷാഫിയെ സ്വീകരിച്ചു. ആർഎംപി ചേർത്തുപിടിച്ചു. ക്ലിഷേ വിട്ട് ചില പ്രചാരണ രീതികൾ ഷാഫിയും തെരഞ്ഞെടുത്തു. വോട്ടില്ലെങ്കിലും സ്കൂളുകളിലും യുവാക്കളുടെ ഇടങ്ങളിലെല്ലാം പ്രചാരണത്തിനെത്തി. സോഷ്യൽ മീഡിയയിൽ ഷാഫിക്ക് ഏറെ മുൻതൂക്കം നൽകിയതും ഇവ തന്നെയായിരുന്നു. 'ക്രിക്കറ്റ് കളിക്കുന്ന ഷാഫിക്ക് പിന്നാലെ ക്രിക്കറ്റ് ഗ്ലൌസിട്ട ശൈലജ ടീച്ചർ', ഇത്തരം ചിത്രങ്ങളും പ്രചാരണങ്ങളും 'ഷാഫിക്ക് പിന്നാലെയാണ് ശൈലജ ടീച്ചർ' എന്നൊരു പ്രചാരണത്തിന് വഴി തുറന്നു.

ഇടക്കാല പ്രചാരണത്തിൽ അൽപമെങ്കിലും സിപിഎം ക്യാമ്പിന് മേൽക്കൈ ഉണ്ടായ ഘട്ടങ്ങൾ രണ്ടാണെന്ന് പറയാം. ഒന്ന് പോൺ വീഡിയോ ആരോപണമാണെങ്കിൽ മറ്റേത് ലീഗ് പ്രവർത്തകർ തൊഴിലുറപ്പ് ജോലിക്കാരെ അപമാനിച്ചെന്ന് പ്രചാരണമാണ്. വാട്സാപ്പ് ഗ്രൂപ്പുകളിൽ വലിയ പ്രചാരണം സിപിഎം സൈബർ ടീം ഏറ്റെടുത്തിരുന്നു.

സംസ്ഥാന നേതാക്കന്മാർ ഏറ്റെടുത്തതും, താഴേത്തട്ടിൽ വരെ കാര്യമായ പ്രചാരണം നടത്തി. രണ്ടും ഷാഫിയിലേക്കെത്തിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ശക്തമായ പ്രതിരോധം തീർക്കാൻ ഷാഫി ക്യാമ്പിന് കഴിഞ്ഞുവെന്ന് ഈ ഫലം വ്യക്തമാക്കുന്നുണ്ട്. യുഡിഎഫിനും ലീഗിനും എതിരായി ആരോപണം വന്നാലും അത് ഷാഫിയിലേക്ക് എത്തിയിരുന്നില്ല. ഈ സമയത്തെല്ലാം ഉയർന്ന പിആർ ടീം ആരോപണത്തിൽ, എനിക്ക് അങ്ങനെ ഒരു ടീമില്ലെന്ന് പറഞ്ഞതല്ലാതെ, ഇടയ്ക്കും തലയ്ക്കും ചർച്ചയിലേക്ക് അധികം വരാതെ നോക്കാൻ ഷാഫി ക്യാമ്പ് ശ്രമിച്ചിരുന്നു. അതും വിജയം കണ്ടു.

ഇതിനെല്ലാം പുറത്തേക്ക് ഷാഫിക്കെതിരെ വന്ന വലിയ ആരോപണമായിരുന്നു കാഫിർ വിവാദം. വടകരയുടെ മതേതര സ്വഭാവത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിലേക്ക് പ്രചാരണങ്ങൾ കൊഴുത്തു. അവസാന ലാപ്പിൽ എൽഡിഎഫ് വ്യാപകമായി ഉപയോഗിച്ച കാർഡായിരുന്നു ഇത്. മുല്ലപ്പള്ളിയും മുരളിയും മത്സരിക്കുമ്പോൾ ഇല്ലാത്തൊരു പ്രശ്നം എങ്ങനെയെന്ന് മറുചോദ്യം വന്നു. പിന്നാലെ സത്യങ്ങളും. എന്നാൽ അപ്പോഴേക്കും വൈകിയിരുന്നു. അവസാന ലാപ്പിൽ തന്നെ പിടിച്ചുകുലുക്കിയ ആരോപണത്തിലാണ്  തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഷാഫി ആദ്യം പ്രതികരിച്ചതും. വടകരയിൽ വർഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകിയെന്നാണ് ഷാഫി പറഞ്ഞത്. 

പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ പ്രചാരണം മലീമസമാകില്ലായിരുന്നു. കാഫിർ പ്രയോഗക്കാരെ കടലിൽ തള്ളിയെന്നും പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്താണെന്നും ആയിരുന്നു ഷാഫിയുടെ വാക്കുകൾ. രാത്രിയും പകലും എന്നില്ലാതെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന അയലത്തെ ചെറുക്കനെ വടകര പുണർന്നു.

കണക്കുകൂട്ടലുകളിൽ സിപിഎം  നേരിയ ഭൂരിപക്ഷത്തിലെങ്കിലും ജയിക്കുമെന്ന് കരുതിയിരുന്നെങ്കിലും, ഒരു ലക്ഷത്തിലധികം വോട്ടിനാണ്  ശൈലജ ടീച്ചർ പരാജയപ്പെട്ടിരിക്കുന്നത്. സംഘപരിവാറിന് ബദലായി ജനങ്ങൾ കോൺഗ്രസിനെ കണ്ടുവെന്നാണ് ശൈലജയുടെ പ്രതികരണം. ഭരണവിരുദ്ധവികാരം ആഞ്ഞടിച്ചതും ലീഗ്, ആർഎംപി പിന്തുണയും മാത്രമല്ല, ഷാഫി പറമ്പിൽ രാകി മിനുക്കി കേരള രാഷ്ട്രീയത്തിലെ വലിയൊരു ബ്രാൻഡായി പരിണമിച്ചുവെന്നതും കൂടിയാണ് വടകര പറഞ്ഞുവയ്ക്കുന്നത്.

ഒരു ലക്ഷം കടന്ന് ഷാഫിയുടെ ലീഡ്, വടകരയെ ഇളക്കിമറിച്ച് യുഡിഎഫിന്‍റെ ആഹ്ലാദപ്രകടനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!