എസ്എഫ്ഐഒ കുറ്റപത്രം; വീണയടക്കമുള്ളവർക്ക് ഹൈക്കോടതിയിൽ താത്കാലികാശ്വാസം; സമൻസ് അയക്കുന്നത് 2 മാസത്തേക്ക് തടഞ്ഞു

Published : Apr 16, 2025, 12:26 PM ISTUpdated : Apr 16, 2025, 03:46 PM IST
എസ്എഫ്ഐഒ കുറ്റപത്രം; വീണയടക്കമുള്ളവർക്ക് ഹൈക്കോടതിയിൽ താത്കാലികാശ്വാസം; സമൻസ് അയക്കുന്നത് 2 മാസത്തേക്ക് തടഞ്ഞു

Synopsis

മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: എസ്എഫ്ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. സിഎംആർഎല്ലിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരും സിഎംആ‍ർഎല്ലും വിശദമായ വാദം കേൾക്കാൻ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. കേസിൽ പ്രതിസ്ഥാനത്തുള്ള വീണയടക്കമുള്ളവർക്ക് ഹൈക്കോടതി നടപടി ആശ്വാസകരമാണ്.

മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിൽ രണ്ട് ഹർജികളാണെത്തിയത്. എസ് എഫ് ഐ ഒ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ തുടർ നടപടികൾ റദ്ദാക്കണമെന്നായിരുന്നു സി എം ആർ എല്ലിന്‍റെ ഹർജി. എസ് എഫ് ഐ ഒ സമർപ്പിച്ചത് തങ്ങൾക്കെതിരായ കുറ്റപത്രം അല്ലെന്നായിരുന്നു പ്രധാന വാദം. പൊലീസിന്‍റെ  കുറ്റപത്രം ഫയലിൽ സ്വീകരിക്കുന്നതുപോലെയുള്ള കോടതിയുടെ നടപടികൾ, പുതിയ നിയമത്തിലെ ചട്ടങ്ങൾക്ക്  എതിരെന്നായിരുന്നു വാദം. തങ്ങളെക്കൂടി കേട്ടുമാത്രമേ എസ് എഫ് ഐ ഒ റിപ്പോർട്ടിൽ തുടർ നടപടി പാടുള്ളൂവെന്നും സി എം ആർ എൽ നിലപാടെടുത്തു.

എസ് എഫ് ഐ ഒ റിപ്പോർട്ടിനെ കുറ്റപത്രമായിത്തന്നെ കാണാമെന്നും പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നടക്കം നടപടികളുമായി മുന്നോട്ട് പോകുന്ന  കോടതി നടപടി നിയമപരമായി ശരിയാണെന്നുമായിരുന്നു കേന്ദ്ര സർക്കാർ  നിലപാട്. ഇക്കാര്യത്തിൽ വിശദമായി വാദം വേണമെന്ന് സിഎം ആർ എൽ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലെ തുടർ നടപടികൾ രണ്ടുമാസത്തേക്ക് സിംഗിൾ ബെഞ്ച് തടഞ്ഞത്. തൽസ്ഥിതി തുടരാൻ നിർദേശിച്ച കോടതി ഹർജി വേനലവധിക്കുശേഷം പരിഗണിക്കുമെന്ന് അറിയിച്ചു.

വിചാരണ കോടതി തിങ്കളാഴ്ച സമൻസ് അയക്കാൻ ഒരുങ്ങുന്നതിനിടെയാണ് സിഎംആർഎല്ലിൻ്റെ തന്ത്രപരമായ നീക്കം. ഇതോടെ വിചാരണ കോടതിക്ക് ഇനി സമൻസ് അയക്കാനാവില്ല. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രത്തിൻ്റെ പകർപ്പ് ആവശ്യപ്പെട്ടും സിഎംആർഎൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. പകർപ്പ് കിട്ടിയാൽ കുറ്റപത്രം ചോദ്യം ചെയ്ത് മേൽക്കോടതികളെ സമീപിക്കാനും സിഎംആർഎല്ലിന് സാധിക്കും.

ഇതിനിടെയാണ് മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചത്.  എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി, എക്സാലോജിക് കമ്പനി, സി എം ആർ എൽ, കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകൾ എന്നിവയ്ക്ക് നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചു. ആദായനികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തലിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി വ്യക്തമായെന്നും ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസിയുടെ വിശദമായ പരിശോധന വേണമെന്നുമാണ് ആവശ്യം. ഹർജി മെയ് 27ന് വീണ്ടും പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വർഗീയത പല രൂപത്തിൽ തിരിച്ച് വരുന്നുവെന്ന് മുഖ്യമന്ത്രി; 'പല വേഷത്തിൽ അവർ വരും, ഇരിപ്പുറപ്പിച്ചാൽ യഥാർത്ഥ സ്വഭാവം പുറത്തുവരും'
'കൂട്ടത്തോടെ ജയിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരും'; നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ എംപിമാർക്ക് സീറ്റ് കൊടുക്കേണ്ടെന്ന് കോൺഗ്രസിൽ വികാരം