വധശ്രമക്കേസ്; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ജയിലിൽ നിന്ന് പുറത്തിറങ്ങി

By Web Team  |  First Published Jul 22, 2022, 7:32 PM IST

ഇന്ന് രാവിലെയാണ് ആർഷോക്ക് ഹൈക്കോടതി ജാമ്യം നൽകിയത്. പരീക്ഷ എഴുതാനായാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 3 വരെയാണ് ഇടക്കാല ജാമ്യം.


കൊച്ചി: വധശ്രമക്കേസിൽ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടർന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി (SFI State Secretary) പി എം ആർഷോ (P M Arsho) ജയിലിൽ നിന്ന് പുറത്തിറങ്ങി. കാക്കനാട് ജയിലിൽ നിന്ന് വൈകീട്ട് 7.15 നാണ് ആർഷോ പുറത്തിറങ്ങിയത്. പി ജി പരീക്ഷ എഴുതാൻ ജാമ്യം വേണമെന്ന ആവശ്യം അംഗീകരിച്ചാണ് ആർഷോയ്ക്ക് ആഗസ്റ്റ് 3 വരെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ ബോണ്ടടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

പരീക്ഷ എഴുതാൻ ആവശ്യമായ ഹാജർ പി എം ആർഷോയ്ക്ക് ഇല്ലെന്നും നിയമ വിരുദ്ധമായിട്ടാണ് ഹാൾ ടിക്കറ്റ് നൽകിയത് എന്നുമായിരുന്നു എതിർഭാഗത്തിന്‍റെ വാദം. എന്നാല്‍, ഹാൾ ടിക്കറ്റ് നൽകിയ സാഹചര്യത്തിൽ പരീക്ഷ എഴുതട്ടെ എന്ന് കോടതി പറഞ്ഞു. നിയമ പരമായി പരീക്ഷ എഴുതാൻ സാധിക്കുമോ എന്ന് ഇപ്പോൾ കോടതി നോക്കുന്നില്ല. എറണാകുളം ജില്ലയിൽ പരീക്ഷ എഴുതാൻ മാത്രമേ  പ്രവേശിക്കാൻ പാടുള്ളൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. നാളെ മുതൽ ആഗസ്റ്റ് മൂന്ന് വരെയാണ് പിജി പരീക്ഷ നടക്കുന്നത്. ഈ മാസം 28 വരെയാണ് പരീക്ഷ. 

Latest Videos

എസ്എഫ്ഐ സെക്രട്ടറിക്ക് ചട്ടങ്ങൾ മറികടന്ന് ഹാള്‍ടിക്കറ്റ് നല്‍കി,  പരാതി

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അര്‍ഷോയ്ക്ക് ചട്ടങ്ങൾ മറികടന്ന് പരീക്ഷ എഴുതാൻ ഹാൾടിക്കറ്റ് നൽകിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി. പരീക്ഷ എഴുതാനുള്ള ഹാജര്‍ എസ്എഫ്ഐ നേതാവിനില്ലെന്നും നാല്‍പ്പതോളം കേസുകളിൽ പ്രതിയായ ആർഷോയ്ക്ക് കോളേജ് അധികൃതർ വ്യാജ രേഖ ഉണ്ടാക്കിയാണ് പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് നൽകിയതെന്നുമാണ് പരാതിയില്‍ പറയുന്നത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാനാണ് പരാതി നൽകിയിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിൽ ആർക്കിയോളജി ആന്‍ഡ് മെറ്റീരിയൽ സ്റ്റഡീസ് ഇന്‍റഗ്രേറ്റഡ് പിജി  വിദ്യാർത്ഥിയാണ് അർഷോ. ജാമ്യഹർജി ഹൈക്കോടതിയും തള്ളിയതോടെ നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ആർഷോ. വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി നേരത്തെ അർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു.

Also Read : 40ഓളം കേസില്‍ പ്രതി; എസ്എഫ്ഐ സെക്രട്ടറിക്ക് ചട്ടങ്ങൾ മറികടന്ന് ഹാള്‍ടിക്കറ്റ് നല്‍കി, ആർഷോക്കെതിരെ പരാതി

ജാമ്യത്തിലിറങ്ങിയശേഷം സമാന കുറ്റകൃത്യം ആവർത്തിച്ചെന്നായിരുന്നു പരാതി. വിവിധ അക്രമ കേസുകളിൽ പ്രതിയായ അർഷോ ജൂണ്‍ 12ന് രാവിലെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. അർഷോയെ പിടികൂടാത്തതിൽ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.  എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലും പൊതുപരിപാടികളിൽ പങ്കെടുത്തിട്ടും പൊലീസ് പിടികൂടിയിരുന്നില്ല. 

click me!