തെറ്റായ പ്രചാരണമാണ് എസ്എഫ്ഐക്ക് എതിരെ നടക്കുന്നതെന്നും കെഎസ്‍യു ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും സച്ചിൻ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: ലോ കോളേജ് (Law College) സംഘര്‍ഷത്തില്‍ വിശദീകരണവുമായി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി സച്ചിന്‍ദേവ് (K M Sachin Dev). തെറ്റായ പ്രചാരണമാണ് എസ്എഫ്ഐക്ക് എതിരെ നടക്കുന്നതെന്നും കെഎസ്‍യു ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സച്ചിൻ ദേവ് പറഞ്ഞു. സംഘർഷത്തോട് യോജിക്കാൻ കഴിയില്ലെന്നും പൊലീസ് ശരിയായ അന്വേഷണം നടത്തണമെന്നും സച്ചിന്‍ പറഞ്ഞു. ലോ കോളേജിൽ പെൺകുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയമാണ്. അതിൽ എസ്എഫ്ഐ പ്രവർത്തകരുണ്ടെങ്കിൽ നടപടി എടുക്കും. എന്നാല്‍ അവര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും അതിൻറെ ഭാഗമായാണ് സംഘർഷമുണ്ടായതെന്നും സച്ചിന്‍ ദേവ് പറഞ്ഞു.
കൊലപാതക കേസിലെ പ്രതികൾക്ക് അഭിവാദ്യം അർപ്പിച്ച് കെഎസ്‍യു പ്രകടനം നടത്തിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും അധികം പെൺകുട്ടികൾ അംഗങ്ങളായ സംഘടനയാണ് എസ്എഫ്ഐ. ചൊവ്വാഴ്ച്ചയാണ് തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്ഐ കെഎസ്‍യു സംഘര്‍ഷം ഉണ്ടായത്. വർഷങ്ങള്‍ക്ക് ശേഷം കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് കെഎസ്‍യുവിൻെറ മേഘ സുരേഷ് ജയിച്ച ശേഷം കോളേജിൽ സംഘർഷം നിലനിൽക്കുകയായിരുന്നു.
സംഘർഷത്തിൽ ഇരുകൂട്ടരുടെയും പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. കെഎസ്‍യുവിന്‍റെ പരാതിയിൽ 12 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എസ്എഫ്ഐയുടെ പരാതിയിൽ എട്ട് പേർക്കെതിരെയും കേസെടുത്തു. പക്ഷെ ഇതേവരെ പൊലീസ് ആരെയും അറസ്റ്റ് ചെയ്തില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത് എന്നാണ് കെഎസ്‍യുവിന്‍റെ ആരോപണം.