എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം; കെഎസ്‌യുവിൽ നിന്ന് വിക്ടോറിയ, നെന്മാറ,പട്ടാമ്പി കോളേജുകൾ തിരിച്ചുപിടിച്ചു

By Web TeamFirst Published Oct 10, 2024, 5:28 PM IST
Highlights

കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

പാലക്കാട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വൻ തിരിച്ചുവരവ് നടത്തി. ഏഴ് വർഷത്തിന് ശേഷം കെഎസ്‌യുവിൽ നിന്ന് പാലക്കാട് വിക്ടോറിയ കോളേജ് തിരിച്ചുപിടിച്ചതിനൊപ്പം കഴിഞ്ഞ തവണ നഷ്ടപ്പെട്ട പട്ടാമ്പി സംസ്‌കൃത കോളേജും നെന്മാറ എൻഎസ്എസ് കോളേജും എസ്എഫ്ഐ നേടി.

പാലക്കാട് വിക്ടോറിയ കോളേജിൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർപേ‌ഴ്‌സൺ നിധിൻ ഫാത്തിമ പരാജയപ്പെട്ടു. കെഎസ്‌യു പാനലിൽ ചെയർപേഴ്‌സൺ സ്ഥാനത്തേക്കാണ് നിധിൻ ഫാത്തിമ മത്സരിച്ചത്. ചെയർമാൻ സ്ഥാനം ഉൾപ്പടെ ജയിച്ച എസ്എഫ്ഐ ഏഴ് വർഷത്തിന് ശേഷം കോളേജ് യൂണിയൻ ഭരണം പിടിച്ചു.

Latest Videos

പട്ടാമ്പി സംസ്കൃത കോളേജ് യൂണിയനിലെ മുഴുവൻ ജനറൽ സീറ്റുകളും എസ്എഫ്ഐ വിജയിച്ചു. 40 വർഷത്തോളം എസ്എഫ്ഐ ആധിപത്യം തുടർന്ന കലാലയത്തിൽ കഴിഞ്ഞ തവണ കെഎസ്‌യു മുന്നേറ്റം ഉണ്ടാക്കിയിരുന്നു. ഇതോടൊപ്പം നെന്മാറ എൻഎസ്എസ് കോളേജിലും എല്ലാ ജനറൽ സീറ്റുകളം എസ്എഫ്ഐ സ്ഥാനാർത്ഥികൾ ജയിച്ചു.

തൃശൂർ ജില്ലയിലെ കോളജുകളിലും എസ്എഫ്ഐക്കാണ് വിജയം. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് കീഴിൽ തൃശ്ശൂർ ജില്ലയിൽ മത്സരം നടന്ന 29 കോളേജുകളിൽ 26 കോളേജുകളിലും എസ്എഫ്ഐ യൂണിയൻ ജയിച്ചു. കഴിഞ്ഞ വർഷം കെഎസ്‌യു പിടിച്ചെടുത്ത സെന്റ് തോമസ് കോളേജ് എസ്എഫ്ഐ തിരിച്ചു പിടിച്ചു. വർഷങ്ങളായി എബിവിപി ക്ക് ആധിപത്യമുള്ള ശ്രീ വിവേകാനന്ദ കോളേജിൽ എസ്എഫ്ഐ ഇത്തവണ ഭൂരിപക്ഷം നേടി. ശ്രീ കേരളവർമ്മ കോളേജിൽ ഒരു അസോസിയേഷനിൽ ടോസ് നേടിയാണ് കെ‌എസ്‌യു ജയിച്ചത്‌. ബാക്കി സീറ്റുകളിൽ എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു.

കാലിക്കറ്റ് സർവകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടേത് വലിയ തിരിച്ചുവരവെന്ന് സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പ്രതികരിച്ചു. കടന്നാക്രമങ്ങൾക്കിടയിലും എസ്എഫ്ഐയിൽ വിദ്യാർത്ഥികൾ വിശ്വാസം അർപ്പിച്ചു. വിക്ടോറിയ ഉൾപ്പെടെ തിരിച്ചുപിടിച്ചത് അതിൻ്റെ ഉദാഹരണം. പോരായ്മകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകുമെന്നും ആർഷോ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!