കുസാറ്റിൽ എസ്എഫ്ഐയും യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘർഷം; ഹോസ്റ്റർ മുറിക്ക് തീയിട്ടു

By Web Team  |  First Published Oct 26, 2022, 5:52 PM IST

എസ്എഫ്ഐ- ഹോസ്റ്റൽ യൂണിയൻ പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷകര്‍ ഹോസ്റ്റർ മുറയ്ക്ക് തീയിട്ടു. തീവച്ചതിൻ്റെ ഉത്തരവാദിത്വത്തില്‍ ഇരുവിഭാഗവും പരസ്പരം പഴിചാരുകയാണ്.


കൊച്ചി: കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) യിൽ സംഘർഷം. എസ്എഫ്ഐ- ഹോസ്റ്റൽ യൂണിയൻ പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷകര്‍ ഹോസ്റ്റർ മുറിക്ക് തീയിട്ടു. തീവച്ചതിൻ്റെ ഉത്തരവാദിത്വത്തില്‍ ഇരുവിഭാഗവും പരസ്പരം പഴിചാരുകയാണ്. സംഘർഷത്തില്‍ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം, കുസാറ്റിലെ സമരത്തിനിടയില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് മര്‍ദ്ദിച്ച് കൈ ഒടിച്ചെന്ന പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ നേരത്തെ രംഗത്ത് വന്നിരുന്നു. എറണാകുളം ജില്ലാ പ്രസിഡന്‍റ് പ്രജിത്തിനെതിരെയാണ് ജീവനക്കാരനായ എം സോമൻ കളമശേരി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ നിന്ന് പിൻമാറാൻ ഭീഷണിപെടുത്തിയെന്നും സോമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍, ആരോപണം എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് നിഷേധിച്ചു.

Latest Videos

തിങ്കളാഴ്ച്ച കുസാറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനിടയിലാണ് സെക്യൂരിട്ടി ജീവനക്കാരനായ സോമന് പരിക്കേറ്റത്. എസ്എഫ്ഐ  എറണാകുളം ജില്ലാ പ്രസിഡന്‍റ്  പ്രജിത്തിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘം കുസാറ്റ് ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്ന് സെക്യൂരിട്ടി ജീവനക്കാരനായ സോമൻ പറഞ്ഞു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രജിത് കൈപിടിച്ച് തിരിക്കുകയും ഇരുമ്പ് ഗ്രില്ലിനോട് ചേര്‍ത്ത് അമര്‍ത്തുകയും ചെയ്തത്. ഇതേതുടര്‍ന്ന് കൈയ്യിലെ എല്ല് പൊട്ടി.

സംഭവത്തിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കാൻ ശ്രമിച്ച തന്നെ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണിപെടുത്തിയിരുന്നതായും  സോമൻ പറഞ്ഞു. പരാതിയില്‍ സോമന്‍റെ മൊഴിരേഖപെടുത്തിയ പൊലീസ് അന്വേഷണം തുടങ്ങിയെന്ന് അറിയിച്ചു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എസ്എഫ്ഐ വിശദീകരണം. മാര്‍ച്ചിനിടയിലുണ്ടായത് ചെറിയ ഉന്തും തള്ളും മാത്രമാണെന്നും പരിക്കേറ്റതെങ്ങനെയെന്ന് അറിയില്ലെന്നും എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് പ്രജിത്ത് വിശദീകരിച്ചു.

click me!