തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 7 പേര്‍ രക്ഷപ്പെട്ടു; ആറുപേര്‍ റിമാന്‍ഡ് തടവുകാര്‍

By Web Team  |  First Published Dec 17, 2019, 11:09 PM IST

ഭക്ഷണം കഴിക്കാനായി പുറത്തിറക്കവേ ജീവനക്കാരെ ആക്രമിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. 


തൃശ്ശൂര്‍: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആറ് റിമാന്‍റ് പ്രതികളടക്കം ഏഴുപേര്‍ രക്ഷപ്പെട്ടു. ജീവനക്കാരെ ആക്രമിച്ച ശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്. പൊലീസ് ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങി. രാത്രി 7.50ന് ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു ഏഴ് പേരെയും. ഡ്യൂട്ടിയിലുണ്ടായിരുന്ന 2 നഴ്‍സുമാരെ ഏഴംഗ സംഘം മുറിയില്‍ പൂട്ടിയിട്ടു. ഇതുകണ്ട് ഇവരെ തടയാനെത്തിയ പൊലീസുകാരന്‍ രഞ്ജിത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് മതില്‍ ചാടിയാണ് സംഘം രക്ഷപ്പെട്ടത്. രഞ്ജിത്തിന്‍റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും സംഘം കവരുകയും ചെയ്തു.

റിമാൻഡ് തടവുകാരായ തൻസീർ, വിജയൻ, നിഖിൽ, വിഷ്ണു, വിപിൻ, ജിനീഷ് എന്നീ പ്രതികളും രാഹുൽ എന്ന രോഗിയുമാണ് രക്ഷപ്പെട്ടത്. തൃശൂർ സിജെഎം കോടതിയുടെ ഉത്തരവനുസരിച്ച് പാർപ്പിച്ചയാളാണ് രാഹുല്‍. 14 ഏക്കറിലുളള മാനസികാരോഗ്യ  കേന്ദ്രത്തിന്‍റെ ചുറ്റുമതില്‍ പലയിടത്തും പൊളിഞ്ഞു കിടക്കുകയാണ്. സംഘം രക്ഷപ്പെട്ടത് പിറകെ വശത്തെ മതില്‍ ചാടിയാണ്. വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതിനാല്‍ ഇതിന് മുമ്പും പലവട്ടം രോഗികള്‍ ചാടിപോയിട്ടുണ്ട്.എന്നാല്‍ റിമാന്‍റ് പ്രതികളടക്കം ഇത്രയധികം പേര്‍ ഒരുമിച്ച് രക്ഷപ്പെട്ടത് അധികൃതരെ ഞെട്ടിച്ചിരിക്കുയാണ്.
 

Latest Videos

click me!