കേരള സര്‍വകലാശാല പ്രോവൈസ് ചാന്‍സലറായിരുന്ന അജയകുമാറിന്‍റെ മേല്‍നോട്ടത്തിൽ വര്‍ഷങ്ങള്‍ സമയമെടുത്ത്,പണം ചെലവിട്ട് തയ്യാറാക്കിയതാണ് പഠനം. വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചില്ല
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര തെറ്റ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയ്താവിന്‍റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്. ഇത് സംബന്ധിച്ച രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ജന്മിത്വത്തിനെതിരായ പോരാട്ടത്തില്‍ മലയാള സാഹിത്യത്തിലെ എക്കാലത്തെയും കൊടിയടയാളമാണ് ചങ്ങമ്പുഴയുടെ വാഴക്കുല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉണര്‍ത്ത് പാട്ടായി പോലും കേരളം ഏറ്റെടുത്ത കവിത ഏറ്റുചൊല്ലാത്ത മലയാളി ഉണ്ടാകില്ല.
ഇനി യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെ ഡോ.ചിന്താ ജെറോമാക്കിയ ഗവഷണ പ്രബന്ധത്തിലേക്ക് വരാം. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021 ൽ ഡോക്ടറേറ്റും കിട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. പിന്നെ ഒട്ടും മടിച്ചില്ല വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി.
കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന അജയകുമാറിൻറെ മേല്‍നോട്ടത്തിൽ വര്‍ഷങ്ങള്‍ സമയമെടുത്ത്, പണം ചെലവിട്ട് തയ്യാറാക്കിയതാണ് പഠനം. വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല.അബദ്ധം കയറിക്കൂടിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ചിന്താ ജെറോമിന്‍റെ പ്രതികരണം.ഓര്‍മ്മയില്ലെന്ന് ഗൈഡും പറയുന്നു. കഥയെന്തായാലും ചിന്തയിപ്പോൾ ഡോക്ടറാണ്. ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടിയതിന്‍റെ നാണക്കേട് ചെറുതല്ല.