'സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നിങ്ങളുടെ നഗ്നന വീഡിയോ അയച്ച് കൊടുക്കും'; ഈ കുരുക്കിൽ വീണ് പോയാൽ...

By Web Team  |  First Published Oct 13, 2023, 5:27 PM IST

നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. ചിലർ മാനഹാനി ഭയന്ന് പണം അയച്ചുനൽകാറുണ്ട്. ഒരിക്കലും ഇത്തരം ഭീഷണികൾക്ക് വഴങ്ങാതിരിക്കുക.


തിരുവനന്തപുരം: വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോൾ സംവിധാനത്തിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യുന്നതായി പൊലീസ് മുന്നറിയിപ്പ്. ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം സ്ക്രീൻ റെക്കോർഡ് ചെയ്തെടുത്തതിനുശേഷം നിങ്ങളുടെ മുഖം കൂടി ഉൾപ്പെടുത്തി നഗ്ന വീഡിയോ തയ്യാറാക്കി പണം ആവശ്യപ്പെടുകയാണ് ഇവരുടെ രീതി.

നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. ചിലർ മാനഹാനി ഭയന്ന് പണം അയച്ചുനൽകാറുണ്ട്. ഒരിക്കലും ഇത്തരം ഭീഷണികൾക്ക് വഴങ്ങാതിരിക്കുക. അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വാട്സ് ആപ്പ് കാളുകൾ പരമാവധി ഒഴിവാക്കുക. ഇത്തരം നമ്പറുകൾ ബ്ലോക്ക് ചെയ്യുക.  സ്വയം വഞ്ചിതരാകാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തണമെന്നും പൊലീസ് നിര്‍ദേശിച്ചു.

Latest Videos

അതേസമയം, സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളില്‍ പൊലീസ് കടുത്ത നടപടികള്‍ സ്വീകരിച്ച് കൊണ്ടിരിക്കുകയാണ്. പ്ലേ സ്റ്റോറില്‍ നിന്ന് 70ഓളം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്‌തെന്ന് കേരളാ പൊലീസ് അറിയിച്ചു. സൈബര്‍ ഓപ്പറേഷന്‍ സംഘമാണ് വ്യാജ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്‌തെന്ന് പൊലീസ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. 72 വെബ്‌സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും കേരളാ പൊലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

സൈബര്‍ ഓപ്പറേഷന്‍ എസ്പിയാണ് കഴിഞ്ഞ ആഴ്ച നോട്ടീസ് നല്‍കിയത്. തട്ടിപ്പ് നടത്തുന്ന ലോണ്‍ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ് നല്‍കിയിരുന്നത്. അതേസമയം, അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാല്‍ 9497 980900 എന്ന നമ്പറിലെ വാട്‌സ്ആപ്പില്‍ 24 മണിക്കൂറും ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാമെന്നും പൊലീസ് പറഞ്ഞു.

ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടു വിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൈബര്‍ പൊലീസിന്റെ ഹെല്‍പ് ലൈനായ 1930ലും വിളിച്ച് പരാതി പറയാമെന്ന് പൊലീസ് അറിയിച്ചു. 

ബി ടെക്ക് കഴിഞ്ഞ് നിൽക്കുകയാണോ, അഞ്ചക്ക തുക മാസം ലഭിക്കും; അവസരങ്ങളൊരുക്കി സർക്കാര്‍, ദിവസങ്ങൾ മാത്രം ബാക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!