തിങ്കളാഴ്ചയാണ് രണ്ടാംഘട്ട വാക്സിനേഷൻ തുടങ്ങാനിരിക്കുന്നത്. മുതിർന്ന പൗരൻമാർക്കും ജീവിതശൈലീരോഗങ്ങളുള്ള 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുമാണ് വാക്സിനേഷൻ നൽകേണ്ടത്.
തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച മുതൽ രണ്ടാംഘട്ട വാക്സിനേഷൻ തുടങ്ങാൻ സാധ്യതയില്ല. കേരളത്തിൽ മുതിർന്ന പൗരൻമാരുടെ റജിസ്ട്രേഷൻ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. മൂന്നരലക്ഷത്തോളം ആരോഗ്യപ്രവർത്തകരാണ് കേരളത്തിൽ ആകെ ആദ്യഘട്ടത്തിൽ വാക്സീൻ സ്വീകരിക്കേണ്ടിയിരുന്നത്. ഇതിൽ പതിനായിരം പേർ ഇനിയും റജിസ്റ്റർ ചെയ്യാൻ ബാക്കിയുണ്ട്. സൈറ്റിന്‍റെ സാങ്കേതികപ്രശ്നങ്ങൾ മൂലം പുതുതായി റജിസ്ട്രേഷൻ ഇപ്പോൾ നടക്കുന്നില്ല.
അതിനാൽ തിങ്കളാഴ്ച മുതൽ മുതിർന്ന പൗരൻമാരുടെ പേര് റജിസ്റ്റർ ചെയ്ത് പുതുതായി വാക്സിനേഷൻ പ്രക്രിയ ഇനി നടത്താൻ സാധ്യത കുറവാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലടക്കം ഇനിയും പല ഡോക്ടർമാരും നഴ്സുമാരും വാക്സീൻ സ്വീകരിക്കാൻ ബാക്കിയുണ്ട്.
കേരളത്തെ രണ്ടാംഘട്ടം എന്ന് തുടങ്ങുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നില്ല. അതിനാൽ മുതിർന്ന പൗരൻമാരുടേത് അടക്കം റജിസ്ട്രേഷനും തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ മുതിർന്ന പൗരൻമാരുടെ റജിസ്ട്രേഷൻ ഇനി തുടങ്ങി തിങ്കളാഴ്ച വാക്സിനേഷൻ നടത്തുക അപ്രായോഗികമാണ്.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് നിലവിൽ ഇന്ത്യയിലെ ആകെ കേസുകളുടെ 75 ശതമാനവുമുള്ളത്. കേരളത്തിലും മഹാരാഷ്ട്രയിലും കൂടുതൽ വേഗത്തിൽ വാക്സീൻ വിതരണം നടത്തണമെന്ന ആവശ്യം സജീവവുമാണ്. ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട വാക്സിനേഷൻ കേരളത്തിൽ വൈകിയേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്.
Read more at: പ്രതിരോധം 2.0: 60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനേഷൻ മാർച്ച് ഒന്ന് മുതൽ