'ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ഏഴയലത്തെത്തിയില്ല'; ഇഴകീറി മികവ് പരിശോധിച്ച് സിപിഎം, അമര്‍ഷം, അഴിച്ചുപണി?

By Ajitha C P  |  First Published Aug 12, 2022, 11:49 AM IST

സീനിയര്‍ നേതാവ് മന്ത്രിയായിട്ടും തദ്ദേശ വകുപ്പ് പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച വേഗമില്ല. അതി ദാരിദ്ര്യ ലഘൂകരണ പദ്ധതി പോലും അനിശ്ചിതമായി വൈകുന്ന സ്ഥിതി ഉണ്ടായി. ആരോഗ്യ വകുപ്പിലെ പ്രവര്‍ത്തനങ്ങളിലും വ്യാപക അത‍ൃപ്തിയാണ് പാര്‍ട്ടിക്കുള്ളിലുള്ളത്.


തിരുവനന്തപുരം: അഞ്ച് ദിവസം നീണ്ട നിര്‍ണ്ണായക നേതൃയോഗങ്ങൾക്കിടെ മന്ത്രിസഭയുടേയും സര്‍ക്കാരിന്‍റെയും പ്രവര്‍ത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി സിപിഎം. ജനങ്ങളോട് നേരിട്ടിടപെടുന്ന പ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനം ശരാശരിക്ക് ഒപ്പം പോലും എത്തുന്നില്ലെന്നുള്ളതാണ് പ്രധാനമായും ഉയര്‍ന്ന പരാതി. അതിൽ തന്നെ മുഖ്യന്ത്രി നേരിട്ട് ഭരിക്കുന്ന പൊലീസിൽ തുടങ്ങി ആരോഗ്യ, തദ്ദേശ, പൊതുമരാമത്ത് വകുപ്പുകളും  ഘടകക്ഷികകൾ കൈകാര്യം ചെയ്യുന്ന കെഎസ്ആര്‍ടിസി, കെഎസ്ഇബി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം പ്രതിനിധികളുടെ ഇഴകീറി പരിശോധനക്ക് വിധേയമായി. 

സീനിയര്‍ നേതാവ് മന്ത്രിയായിട്ടും തദ്ദേശ വകുപ്പ് പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച വേഗമില്ല. അതി ദാരിദ്ര്യ ലഘൂകരണ പദ്ധതി പോലും അനിശ്ചിതമായി വൈകുന്ന സ്ഥിതി ഉണ്ടായി. ആരോഗ്യ വകുപ്പിലെ പ്രവര്‍ത്തനങ്ങളിലും വ്യാപക അത‍ൃപ്തിയാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. ജനക്ഷേമത്തിനുള്ള ഇടപെടലുകളിലെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ശമ്പളം കൊടുക്കില്ലെന്ന് പറയാൻ വേണ്ടി ഒരു മന്ത്രിയുടെ ആവശ്യമെന്തിനെന്ന ചോദ്യമാണ് കെഎസ്ആര്‍ടിസിക്കെതിരെ ഉയര്‍ന്നത്. കെഎസ്ആര്‍ടിസിയിലും കെഎസ്ഇബിയിലും യൂണിയനുകളെ അനാവശ്യമായി പിണക്കുന്ന പ്രവണതയുണ്ടായി. ഇത് അംഗീകരിച്ച് മുന്നോട്ട് പോകാനാകില്ല. മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും നേതൃയോഗം മുന്നോട്ട് വച്ചു. 

Latest Videos

ബഫര്‍സോൺ വിഷയവുമായി ബന്ധപ്പെട്ട് വൻ തോതിൽ ആശങ്ക ജനങ്ങൾക്ക് ഉണ്ടായിട്ടും അത് പരിഹരിക്കാൻ പ്രായോഗിക ഇടപെടൽ ഉണ്ടായില്ലെന്ന വിമര്‍ശനമാണ് വനം വകുപ്പിനെതിരെ ഉയര്‍ന്നത്. മന്ത്രിമാരുടെ പ്രവര്‍ത്തനം പ്രതീക്ഷിച്ച പോലെ മെച്ചപ്പെടാത്തത് സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിമര്‍ശനം ചര്‍ച്ചയുടെ ഉള്ളടക്കത്തിലുണ്ട്. സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും ജനകീയ ഇടപെടലുകൾ നടത്തുമ്പോഴും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകണം. വേണ്ടത്ര ഏകോപനം ഉദ്യോഗസ്ഥ ഇടപെടലിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. പൊലീസ് വീഴ്ച ആവര്‍ത്തിക്കുകയാണ്. തന്നിഷ്ടപ്രകാരമുള്ള സേനയുടെ പ്രവര്‍ത്തനം അനാവശ്യ വിവാദങ്ങളിലേക്ക് എത്തിക്കുന്നതായും നിയന്ത്രണം വേണമെന്നും സംസ്ഥാന സമിതിയോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ലോക്സഭാ തെര‍ഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനകീയ മുഖം മിനുക്കി മുന്നോട്ട് പോകാനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളുമാണ് നടന്നതെന്നാണ് നേതാക്കളുടെ പ്രതികരണം. ക്ഷേമ പദ്ധതികൾക്കും ജനകീയ ഇടപെടലുകൾക്കും രൂപം നൽകും. അതിനിടെ മന്ത്രിസഭാ പുനസംഘടന അടക്കമുള്ള നടപടികളുണ്ടാകുമെന്ന സൂചനയും ചില കേന്ദ്രങ്ങൾ നൽകുന്നുണ്ട്. വ്യാപകമായ ഒരു അഴിച്ച് പണി സിപിഎം ശീലമല്ലെങ്കിലും ചില വകുപ്പുകളിലെങ്കിലും മാറ്റം ഉണ്ടാകാനിടയുണ്ടെന്നാണ് ഇത്തരക്കാര്‍ നൽകുന്ന സൂചന. 

സജി ചെറിയാൻ രാജി വച്ചതോടെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് അംഗങ്ങൾക്ക് വീതിച്ച് നൽകുകയും സ്റ്റാഫ് അംഗങ്ങളെ പുനര്‍വിന്യസിക്കുകയും ആണ് മുഖ്യമന്ത്രി ചെയ്തത്. നിയമസഭാ കയ്യാങ്കളി കേസ് കോടതി പരിഗണിക്കുന്നതോടെ വി ശിവൻകുട്ടി മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വരുമെന്നും അങ്ങനെ എങ്കിൽ പുതുമുഖം പകരമെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. തിരുവനന്തപുരം ജില്ലയിലെ സംഘടനാ സംവിധാനത്തിലും മാറ്റമുണ്ടാകും. എന്നാൽ, ക്ഷേമപദ്ധതികൾക്ക് രൂപം നൽകി മുന്നോട്ട് പോകാൻ മാത്രമാണ് തീരുമാനമെന്നും മന്ത്രിസഭാ അഴിച്ച് പണിയൊന്നും ഇപ്പോൾ പരിഗണനയില്ലെന്നുമാണ് സിപിഎം ഔദ്യോഗികമായി വിശദീകരിക്കുന്നത്. 

'സംസ്ഥാന സമിതിയിൽ മന്ത്രിമാർക്കെതിരെ വിമർശനമുണ്ടായില്ല': മുഹമ്മദ്‌ റിയാസ്

മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാന്‍ വരെ മടി; സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ സിപിഎമ്മിന് അതൃപ്തി, പൊലീസില്‍ വീഴ്ച

click me!