കളക്കാട് കടുവാ സങ്കേതത്തിനകത്ത് അരിക്കൊമ്പനെ തുറന്നുവിടാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു
കളക്കാട്: തിരുനെൽവേലി കളക്കാട് കടുവാ സങ്കേതത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കുന്നതിൽ പ്രതിഷേധം. എസ് ഡി പി ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. അരിക്കൊമ്പനെ കളക്കാട് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. നേരത്തെ കളക്കാട് കടുവാ സങ്കേതത്തിനകത്ത് അരിക്കൊമ്പനെ തുറന്നുവിടാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതറിഞ്ഞെത്തിയ നാട്ടുകാരാണ് എസ് ഡി പി ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധിക്കുന്നത്.
അരിക്കൊമ്പനെ ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം
അതേസമയം മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനം മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെ അരിക്കൊമ്പനെ തുറന്ന് വിടുന്നതിൽ അനിശ്ചിതത്വം നീങ്ങിയിട്ടുണ്ട്. മന്ത്രി പറയുന്നത് പ്രകാരം ഇന്ന് തന്നെ അരിക്കൊമ്പനെ തുറന്ന് വിടാനാണ് സാധ്യത. നേരത്തെ അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. എറണാകുളം സ്വദേശിയുടെ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യം നിർദ്ദേശിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശം ഒന്നും ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാട് വനം മന്ത്രി മതിവേന്തൻ പറയുന്നത്. അതുകൊണ്ടുതന്നെ ആനയെ തുറന്നുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
എറണാകുളം സ്വദേശി റബേക്ക ജോസഫാണ് ആനയെ കാട്ടിൽ തുറന്ന് വിടുന്നത് തടയണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് ഹർജി പരിഗണിച്ച കോടതി നാളെയും വാദം കേൾക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഹർജി നാളെ പത്തരയ്ക്ക് മധുര ബെഞ്ചാകും പരിഗണിക്കുക.