രണ്ടാം ദിനവും ആവേശമായി കൗമാര കലാമേള, വേദികൾ സജീവമാക്കി മത്സരം തുടരുന്നു, നിറഞ്ഞ സദസിൽ നാടകമത്സരം

By Web Desk  |  First Published Jan 5, 2025, 2:44 PM IST

 63ാം സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ മത്സരങ്ങളാണ് വേദിയിലെത്തിയത്. 249 ഇനങ്ങളിൽ 57 ഇനങ്ങളാണ് ഇന്നലെ പൂർത്തിയായത്. വേദികളെ സജീവമാക്കി മത്സരം തുടരുകയാണ്.  


തിരുവനന്തപുരം: 63ാം സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ മത്സരങ്ങളാണ് വേദിയിലെത്തിയത്. 249 ഇനങ്ങളിൽ 57 ഇനങ്ങളാണ് ഇന്നലെ പൂർത്തിയായത്. വേദികളെ സജീവമാക്കി മത്സരം തുടരുകയാണ്.  ഞായറാഴ്ചയായതിനാൽ ഇന്നലേത്തെക്കാൾ തിരക്കുണ്ടായിരുന്നു സദസിൽ. ആവേശക്കാഴ്ചകളിലാണ് കലസ്ഥാനം.

ഹൈസ്കുൾ വിഭാഗം ഒപ്പന, ഹയര്‍സെക്കന്ററി വിഭാഗം തിരുവാതിര കളി, ഹൈസ്കൂൾ വിഭാഗം പൂരക്കളി, ഹയർസെക്കണ്ടറി ആൺകുട്ടികളുടെ കുച്ചിപ്പുടി ഹൈസ്കൂൾ പെൺകുട്ടികളുടെ തുള്ളൽ, ഹയർസെക്കണ്ടറി പെൺകുട്ടികളുടെ മോഹിനിയാട്ടം, ഹൈസ്ക്കൂൾ പെൺകുട്ടികളുടെ നാടോടി നൃത്തം അടക്കം ഒന്നിന് പിറകെ ഒന്നായി ജനപ്രിയ മത്സരങ്ങളാണ് രണ്ടാം ദിനം വേദിയിലെത്തുന്നത്. 

Latest Videos

രണ്ടാം ദിനമായ ഇന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉച്ചക്ക് കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഇതുവരെ കലോത്സവം സംബന്ധിച്ച് പരാതികളൊന്നും എത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കാര്യങ്ങളെല്ലാം വളരെ കൃത്യമായി തന്നെ മുന്നോട്ട് പോകുന്നു. കഴിഞ്ഞ തവണത്തേക്കാൾ പങ്കാളിത്തമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെയും കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ മന്ത്രിയെത്തിയിരുന്നു. കലോത്സവ വേദിയിൽ ചരിത്രമെഴുതിക്കൊണ്ട് ഗോത്രകലയായ മം​ഗലംകളി മത്സരം വേദിയിലെത്തിയത് ഇന്നായിരുന്നു. കാസര്‍കോട് നിന്നുള്ള മലവേട്ടുവ, മാവില സമുദായക്കാരായ കുട്ടികളായിരുന്നു മത്സരാര്‍ത്ഥികളായെത്തിയത്. 

സാധാരണ ഒപ്പനയ്ക്കാണ് കാണികളുണ്ടാകാറുള്ളത്. എന്നാൽ വേദി 3 ൽ ടാ​ഗോർ തീയേറ്ററിലെ നാടക മത്സരത്തിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഹയർസെക്കണ്ടറി വിഭാ​ഗത്തിലെ നാടക മത്സരമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. പുതുമ നിറഞ്ഞ പ്രമേയങ്ങളുമായി എത്തിയ നാടകം കാണാൻ ആളുകൾ തിക്കിത്തിരക്കുന്ന കാഴ്ചയാണുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നാടക വേദികളില്‍ നടക്കുന്നത്. നിലവില്‍ കോഴിക്കോടും കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പമാണുള്ളത്. 

click me!