'എതിരാളികളേയുള്ളൂ, ശത്രുക്കളെ പോലെ പെരുമാറുന്നത് തെറ്റാണ്'; രാഹുലിനെയും ഷാഫിയെയും വിമർശിച്ച് കൃഷ്ണകുമാര്‍

By Web Team  |  First Published Nov 3, 2024, 7:23 PM IST

''രാഷ്ട്രീയത്തില്‍ എതിരാളികളേയുള്ളൂ, ശത്രുക്കളില്ല. ശത്രുക്കളെ പോലെ പെരുമാറുന്നത് തെറ്റാണ്''


പാലക്കാട്: വിവാഹ വീട്ടിൽ വച്ച് പരസ്പരം കണ്ടപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പി സരിന്റെ ഹസ്തദാനം നിരസിച്ച യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെയും ഷാഫി പറമ്പിലിന്‍റെയും പെരുമാറ്റത്തെ വിമര്‍ശിച്ച് ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍. രാഹുലും ഷാഫിയും ചെയ്തത് തെറ്റാണെന്ന് കൃഷ്ണകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ എതിരാളികളേയുള്ളൂ, ശത്രുക്കളില്ല. ശത്രുക്കളെ പോലെ പെരുമാറുന്നത് തെറ്റാണ്.

സരിനോട് വ്യക്തിപരമായി ശത്രുത പുലർത്തേണ്ട ആവശ്യമില്ല എന്നാണ് തന്‍റെ അഭിപ്രായമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. രാഹുലിന്‍റെയും ഷാഫിയുടെയും അസഹിഷ്ണുതയാണ് പുറത്തുവന്നത്. അവരുടെ യഥാർത്ഥ രൂപം പുറത്തുവന്നു. ഏത് വേദിയിൽ വച്ചും സരിനോടും രാഹുലിനോടും സൗഹൃദം പങ്കിടാൻ താൻ തയാറാണെന്നും സി. കൃഷ്ണകുമാർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

Latest Videos

undefined

ഉപ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തോടെ തുടരുന്നതിനിടെയാണ് കല്യാണ വീട്ടിൽ വോട്ട് തേടിയെത്തിയ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും പരസ്പരം കണ്ടത്. രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും ഹസ്തദാനം നൽകാൻ സരിന്‍ കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന് നീങ്ങുകയായിരുന്നു. 

നിരവധി തവണ രാഹുലിനെയും ഷാഫിയെയും പി സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുകയായിരുന്നു. സരിൻ്റെ സാന്നിധ്യത്തിൽ കോൺഗ്രസ് വിമത നേതാവ് എ വി ഗോപിനാഥിനെ രാഹുൽ മാങ്കൂട്ടത്തില്‍ ചേർത്തുപിടിച്ചു. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്ന് പിന്നീട് പി സരിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് കപടമുഖമില്ലെന്നും പി സരിന് കൈകൊടുക്കാൻ പ്രയാസമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തില്‍ പറഞ്ഞു. ചെയ്യുന്നതെല്ലാം ആത്മാർത്ഥമായിട്ടാണ്. ചാനലുകൾക്ക് മുമ്പിൽ അഭ്യാസം കാണിക്കാൻ പ്രയാസമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. 

click me!