ധാർമിക മൂല്യങ്ങളെ പിഴുത് ഏറിയുന്ന സ്ഥിതിയാണ്. ലൈംഗിക അരാജകത്വം എന്നതിലേക്ക് ലോകം പോകുന്നോ എന്ന് സംശയിക്കേണ്ട സാഹചര്യം. മൃഗവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകാവുന്ന അവസ്ഥയാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ
കോഴിക്കോട്: സംസ്ഥാനത്ത് സ്കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഇരുത്താമെന്ന നിർദേശം ഒഴിവാക്കിയ സർക്കാർ നടപടി സ്വാഗതം ചെയ്ത് സമസ്ത. ചില ഭാഗങ്ങൾ പാഠ്യ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നു എന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. സമത്വത്തിന്റെ പേരിൽ നടപ്പാക്കുന്ന പരിഷ്ക്കരണം സ്ത്രീ സുരക്ഷയ്ക്ക് തടസ്സം ആകരുത്. കൂടുതൽ മാറ്റങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 30ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഈ വിഷയങ്ങൾ ഉന്നയിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു.
ധാർമികതയ്ക്ക് എതിരായ പാഠ്യ പദ്ധതി പരിഷ്കരണങ്ങളെയാണ് എതിർക്കുന്നതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. സ്വവർഗ ലൈംഗികതയോടുള്ള എതിർപ്പും അദ്ദേഹം അറിയിച്ചു. ധാർമിക മൂല്യങ്ങളെ പിഴുത് ഏറിയുന്ന സ്ഥിതിയാണ്. ലൈംഗിക അരാജകത്വം എന്നതിലേക്ക് ലോകം പോകുന്നോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ്. മൃഗവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകാവുന്ന അവസ്ഥയാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ധാർമികതയ്ക്ക് കോട്ടം തട്ടുന്ന വിദ്യാഭ്യാസം ഉണ്ടായാൽ തെമ്മാടിത്തം ചെയ്യാനുള്ള ജനതയെ സൃഷ്ടിക്കാനുള്ള കാൽവയ്പാകും.ധാർമികതയ്ക്ക് അനുകൂലമായ നിലപാടിലേക്ക് മുഖ്യമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ എതിർപ്പ് അറിയിച്ചതോടെയാണ് ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തണമെന്ന നിർദ്ദേശത്തിൽ നിന്ന് സർക്കാർ പിന്നോട്ടു പോയത്. ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപനരേഖയുടെ കരടിൽ നിന്നാണ് ഈ നിർദേശം ഒഴിവാക്കിയത്. ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കി, ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന നിലയിലേക്ക് മാറ്റിയിട്ടുണ്ട്. പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വച്ച കരട് രേഖയിലാണ് മാറ്റം വരുത്തിയത്.
ആൺ-പെൺ വ്യത്യാസമില്ലാത്ത മിക്സ്ഡ് സ്കൂളുകൾ, ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോം... ഇതിനു പിന്നാലെയാണ് ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഒരു ബെഞ്ചിൽ ഇരുത്തണമെന്ന നിർദ്ദേശത്തിൽ നിന്ന് കൂടി സർക്കാർ പിന്നോട്ടു പോകുന്നത്. എസ്‍സിഇആർടി (SCERT) തയ്യാറാക്കിയ കരട് റിപ്പോർട്ടിലെ നിർദേശമാണ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒഴിവാക്കിയത്. മുസ്ലിം ലീഗ് നേതാക്കൾ, വിവാദ നിർദേശത്തിനെതിരെ ആദ്യം തന്നെ രംഗത്തെത്തിയിരുന്നെങ്കിലും നിലപാട് ന്യായീകരിക്കുകയാണ് സർക്കാർ ചെയ്തത്. എന്നാൽ സമസ്ത ഉൾപ്പെടെ സർക്കാരിനൊപ്പം നിൽക്കുന്ന മുസ്ലിം സംഘടനകൾ എതിർപ്പറിയിച്ചതോടെ നിലപാടിൽ വെള്ളം ചേർത്തിരിക്കുകയാണ് സർക്കാർ. പാഠ്യ പദ്ധതി ചട്ടക്കൂട് പരിഷ്കരണത്തിനുള്ള വിദഗ്‍ധ സമിതിയുടെ ആദ്യ യോഗത്തിൽ തന്നെ നിർദേശം വിവാദമാകാനുള്ള സാധ്യത ചില അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ചർച്ചയാകാമെന്ന നിലപാടിയിരുന്നു സർക്കാർ. ഇതിനു പിന്നാലെ നിർദേശത്തിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലഗ് നേതാക്കളായ എം.കെ.മുനീറും പി.എം.എ.സലാമും രംഗത്തെത്തുകയായിരുന്നു.