കഴിഞ്ഞ വർഷത്തേക്കാൾ 1.28 കോടി രൂപയുടെ വര്‍ദ്ധനയാണ് ശബരിമല വരുമാനത്തിൽ ആദ്യ ഒരു ദിവസം ഉണ്ടായത്.
പത്തനംതിട്ട: ശബരിമലയിൽ വരുമാനത്തിൽ വര്‍ദ്ധനവ്. ശബരിമലയിലെ ആദ്യ ദിന വരുമാനം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയെന്നാണ് പുറത്ത് വന്ന കണക്ക്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് നോക്കിയാൽ ഒരു കോടി ഇരുപത്തെട്ട് ലക്ഷത്തിന്‍റെ കൂടുതലാണ് ആദ്യ ദിനത്തിൽ തന്നെ ഈവര്‍ഷം ഉള്ളത്.
നടവരവ്, അപ്പം അരവണ വിൽപ്പന, കടകളിൽ നിന്നുള്ള വരുമാനം എന്നിവ എല്ലാം ഉൾപ്പെടെയുള്ള വരുമാനത്തിന്‍റെ കണക്കാണ് പുറത്ത് വന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് വരുമാന കണക്ക് പുറത്ത് വിട്ടത്.മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് നട തുറന്നതോടെ വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും വരുമാനത്തിൽ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് തന്നെയാണ് ദേവസ്വം ബോര്‍ഡിന്‍റെ പ്രതീക്ഷ.
യുവതിപ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം നട വരുമാനത്തിൽ വൻ ഇടിവാണ് ശബരിമലയിൽ ഉണ്ടായിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സാമ്പത്തിക ഭദ്രതയെ വരെ ബാധിക്കുന്ന വിധത്തിലേക്ക് വരുമാന തകര്‍ച്ച മാറുകയും ചെയ്തിരുന്നു.