ശബരിമലയിൽ വിർച്വൽ ക്യൂ ബുക്കിംഗ് വൈകും, ഭക്തരുടെ പ്രവേശനത്തിൽ അഭിപ്രായഭിന്നത

By Web Team  |  First Published Jun 10, 2020, 9:36 PM IST

ഭക്തരെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും, ഉത്സവം മാറ്റി വയ്ക്കണമെന്നുമാണ് തന്ത്രി കത്തിലൂടെ ദേവസ്വം കമ്മീഷണറോട് ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, തന്ത്രിമാരോട് അഭിപ്രായം തേടിയപ്പോൾ ഭക്തരെ പ്രവേശിപ്പിക്കുന്നത് എതിർത്തില്ലെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രതികരിച്ചത്.


തിരുവനന്തപുരം: ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കാനായുള്ള വിർച്വൽ ക്യൂ സംവിധാനത്തിനുള്ള ബുക്കിംഗ് തുടങ്ങിയില്ല. ദേവസ്വം ബോർഡ് ഭാരവാഹികളുമായും തന്ത്രിമാരുമായും സർക്കാർ നടത്തുന്ന ചർച്ചയ്ക്ക് ശേഷമേ ഭക്തരുടെ പ്രവേശനം ഈ തീർത്ഥാടനകാലത്ത് വേണോ എന്ന് തീരുമാനിക്കൂ. ബുധനാഴ്ച (10-06-20) വൈകിട്ട് ആറ് മണിക്ക് വിർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം തുടങ്ങാനിരുന്നതാണ്. മാസപൂജക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവെക്കണമെന്നുമാണ് ദേവസ്വം ബോ‍ർഡിനോട് തന്ത്രി ആവശ്യപ്പെട്ടത്. തന്ത്രിയുടേത് നിലപാട് മാറ്റമെന്ന് പറഞ്ഞ് ദേവസ്വം ബോർഡ് വിമർശിച്ചപ്പോൾ ബിജെപി തന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. 

മിഥുന മാസപൂജക‌ൾക്കായി ഈ മാസം 14-ാം തീയതി ശബരിമല നട തുറക്കാനിരിക്കെയാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വം കമ്മീഷണ‌ർക്ക് കത്ത് നൽകിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഭക്തരെ ഉടൻ പ്രവേശിപ്പിക്കരുതെന്ന ആവശ്യം ഉന്നയിച്ചത്. തീരുമാനമെടുത്തത് തന്ത്രി കുടുംബവുമായി ആലോചിച്ചാണെന്ന് പറഞ്ഞ ദേവസ്വം ബോർഡ് തന്ത്രിയുടെ ആവശ്യം തള്ളി. പക്ഷേ, തന്ത്രിയുടെ അഭിപ്രായം മാനിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രസിഡന്‍റ് കെ സുരേന്ദ്രൻ രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദം ശക്തമായി. ഇതോടെ ഏറ്റുമുട്ടൽ ഒഴിവാക്കി സർക്കാർ അയഞ്ഞു. തന്ത്രിമാരെയും ദേവസ്വംബോർഡിനെയും ഒന്നിച്ചിരുത്തി ചർച്ചയ്ക്ക് വിളിച്ചു. 

Latest Videos

undefined

''തന്ത്രിമാരുടെ അഭിപ്രായം എന്തെന്ന് അറിയേണ്ടതുണ്ട്. ദേവസ്വം ബോർഡ് ഭാരവാഹികളെയും തന്ത്രിമാരെയും ഇക്കാര്യത്തിൽ കൂടിയാലോചനയ്ക്ക് സർക്കാർ ക്ഷണിച്ചിട്ടുണ്ട്'', എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയത്.

ക്ഷേത്രങ്ങൾ തുറക്കാൻ കേന്ദ്രം തീരുമാനമെടുത്തതിന് പിന്നാലെ വിമർശനങ്ങൾ ഒഴിവാക്കാൻ വേഗം നടപടികൾ സ്വീകരിച്ച സർക്കാരിനെതിരെ ബിജെപിയും ഹിന്ദു സംഘടനകളും കോൺഗ്രസ്സും എൻഎസ്എസ്സും പന്തളം രാജകുടുംബവുമെല്ലാം രംഗത്തെത്തിയിരുന്നു. വിവാദം ശബരിമലയെ ചൊല്ലിയും മുറുകുന്നത് സർക്കാറിനെ അമ്പരപ്പിലാക്കി. ശബരിമല യുവതീപ്രവേശനത്തിൽ കൈപൊള്ളിയ സർക്കാർ അത് കൊണ്ടാണ് കൊവിഡ് കാലത്തെ ഭക്തരുടെ പ്രവേശനത്തിൽ സമവായലൈനിലേക്ക് മാറിയത്. തന്ത്രികുടുംബം ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടാൽ സ‍ർക്കാരും പിന്നോട്ട് പോകാനിടയുണ്ട്.

click me!