ആർഎസ്എസ് ഗണഗീതം: കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിടാൻ ദേവസ്വം ബോർഡ് തീരുമാനം

ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ഉപദേശക സമിതിയെ പിരിച്ചുവിടും

RSS song Devaswom board to terminate temple advisory committee

കൊല്ലം: കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ തിരുവിതംകൂർ ദേവസ്വം ബോർഡിന് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച് ഉടൻ തന്നെ ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിടുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

ആർഎസ്എസ് ഗണഗീതം ആലപിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ക്ഷേത്ര പരിസരത്ത് ആർഎസ്എസ്  കൊടിയും  തോരണങ്ങളും  കെട്ടിയതായുള്ള പരാതി ലഭിച്ചതായി ദേവസ്വം ബോർഡ് പറയുന്നു. ഇതിന്മേൽ കൊട്ടാരക്കര ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണം നടത്തുന്നതിനിടെയാണ് ആർഎസ്എസ് ഗണഗീതം ആലപിച്ചത്. ഇത് ബോധപൂർവ്വം  ചെയ്തതാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയിരുത്തുന്നു.  സംഭങ്ങളുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ദേവസ്വം  അസിസ്റ്റന്റ് കമ്മീഷണർ  തിരുവിതംകൂർ  ദേവസ്വം  ബോർഡിന്    അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ചു ഉടൻ തന്നെ കോട്ടുക്കൽ  മഞ്ഞിപുഴ ക്ഷേത്ര ഉപദേശ സമിതി പിരിച്ചുവിടും. ക്ഷേത്രത്തിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയപാർട്ടികളുടയോ, മത-സാമുദായിക സംഘടനകളുടെയോ കൊടികളോ അതുമായി സാദൃശ്യം തോന്നുന്ന തരത്തിലുള്ള കൊടികളോ  കെട്ടുവാനോ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുവാനോ പാടില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

Latest Videos

ഹൈക്കോടതി നിർദേശം തിരുവിതാംകൂർ ദേവസ്വം ബോർഡ് കർശനമായി നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജില്ലാ ഡെപ്യൂട്ടി ദേവസ്വം കമ്മീഷൻമാരുടേയും അസിസ്റ്റന്റ് ദേവസ്വം  ദേവസ്വം കമ്മീഷണർമാരുടെയും യോഗം ചേർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് കീഴിലെ ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ കൊടികൾ കെട്ടുന്നതിനോ ആശയപ്രചരണം നടത്തുന്നതിനോ രാഷ്ട്രീയ മത-സാമുദായിക സംഘടനകളെ അനുവദിച്ചാൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിലവിലെ ഉത്തരവ് മറികടക്കാൻ  ക്ഷേത്ര ഉപദേശക സമിതിയുടെ പേരിൽ കൊടികളും തോരണങ്ങളും കെട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ഒരു ക്ഷേത്ര ഉപദേശക സമിതിക്കും സ്വന്തമായി കൊടിയോ ചിഹ്നങ്ങളോ ഇല്ല. ഇത്തരത്തിൽ നടപടികൾ സ്വീകരിക്കുന്ന ഉപദേശക സമിതികൾക്കെതിരെ കർശനമായ നടപടിയുണ്ടാവുമെന്നും ദേവസ്വം ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.
 

vuukle one pixel image
click me!