തട്ടിപ്പുകാരെ ബാങ്ക് അക്കൗണ്ട് തുറന്നുകൊടുത്തു സഹായിക്കുന്നത് മലയാളികളാണെന്ന് പൊലീസ് കണ്ടെത്തി. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറിലേറെ പേരുടെ അക്കൗണ്ട് വിവരങ്ങൾ പൊലീസിന് ലഭിച്ചു.
കൊച്ചി: കൊച്ചിയിലെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസിൽ മലയാളികൾ ഉൾപ്പെടുന്ന വൻ റാക്കറ്റിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. പണം കൈമാറാൻ ഉത്തരേന്ത്യൻ സംഘത്തെ ബാങ്ക് അക്കൗണ്ട് തുറന്നുകൊടുത്തു സഹായിക്കുന്നത് മലയാളികളാണെന്ന് പൊലീസ് കണ്ടെത്തി. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറിലേറെ പേരുടെ അക്കൗണ്ട് വിവരങ്ങൾ പൊലീസിന് ലഭിച്ചു.
21ഉം 23ഉം വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് മുഷാബും കെ പി മിഷാബും പിടിയിലായത് കഴിഞ്ഞ ദിവസമാണ്. ഒടുവിലത്തെ ഇര കാക്കനാട് സ്വദേശിയായ യുവതിയാണ്. കൈയിൽ നിന്ന് പോയത് 4 കോടിയിലേറെ രൂപയാണ്. നേരത്തെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ഉടമകൾ അറിയാതെയായിരുന്നു അക്കൗണ്ടുകൾ വഴി കടന്നു പോയിരുന്നത്. രാജ്യത്ത് ഉടനീളം പലരുടെയും അക്കൗണ്ട് വിവരങ്ങൾ ചോർത്തി നടത്തിയ ഇടപാടുകൾ മാറി ഇന്ന് കുറ്റകൃത്യത്തിൽ അക്കൗണ്ട് ഉടമകളും പങ്കാളികളാണ്.
സ്വന്തം അക്കൗണ്ട് വിവരങ്ങൾ അറിഞ്ഞുകൊണ്ട് തട്ടിപ്പ് സംഘത്തിന് കൈമാറുന്നതാണ് പുതിയ രീതി. ബാങ്കിൽ അക്കൗണ്ട് തുറന്ന് വിവരങ്ങൾ പൂർണമായും കൈമാറിയാൽ 25,000 രൂപ മുതൽ മുകളിലോട്ടാണ് പ്രതിഫലം. എടിഎം വിവരങ്ങൾ മാത്രം നൽകി പണം കൈമാറാൻ സഹായിക്കുന്ന രീതിയുമുണ്ട്. ഓരോ തവണ പണം പിൻവലിക്കുമ്പോഴും 5000 മുതൽ 10000 രൂപ വരെ കമ്മീഷൻ ലഭിക്കും, കേരളത്തിനു പുറത്ത് ബ്രാഞ്ചുകൾ ഇല്ലാത്ത ബാങ്കുകൾ വഴിയാണ് ഇടപാടുകൾ മുഴുവൻ.
കേരളത്തിനുള്ളിൽ നടന്ന ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേർ പിടിയിലായത്. ഇവരിൽ നിന്ന് ലഭിച്ച വിവരം ഉൾപ്പെടെ മുൻനിർത്തി കേരളത്തിനു പുറത്തും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് കൊച്ചി സൈബർ പൊലീസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം