സകലതിനും വില കൂടുകയാണ്. അതിനിടയിൽ കൂടുതൽ വിലക്കയറ്റമുറപ്പാക്കി ഇന്ധന സെസും വരുന്നു. ജനങ്ങൾ സന്തോഷത്തോടെ ഇതെല്ലാം സ്വീകരിക്കുകയാണെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമൊക്കെ പറയുന്നത്. ഇതിനിടയിൽ സാധാരണക്കാരിൽ സാധാരണക്കാരുടെ ജീവിതമറിയാൻ ഒരു യാത്ര, 'എങ്ങനെ ജീവിക്കും സാർ?'
തിരുവനന്തപുരം : രണ്ട് രൂപയല്ലേ ഇന്ധനത്തിന് കൂടുന്നതെന്നാണ് പലരും ചോദിക്കുന്നത്. ഒരു പൈസയല്ലേ ലീറ്ററിന് കൂടുന്നതെന്നാണ് ജലവിഭവ മന്ത്രി പറയുന്നത്. എന്നാൽ ഇപ്പോൾ തന്നെ ഏന്തിവലിഞ്ഞ് മുന്നോട്ട് പോകുന്ന ജീവിതത്തിലേക്കാണ് ഈ അധികഭാരമെന്നാണ് നെയ്യാറ്റിൻകരക്കാരി ദേവകിയമ്മ പറയുന്നത്. നാലഞ്ച് വെള്ളരി. പത്തിരുപത് തക്കാളിയും നാരങ്ങയും കുറച്ചിഞ്ചിയും, തീർന്നു, ദേവകിയമ്മയുടെ പച്ചക്കറിത്തട്ടിലെ വിഭവങ്ങൾ. അതെത്തിക്കാൻ ഓട്ടോക്കൂലി നൂറ്റിയമ്പത് രൂപയാണ്. കച്ചവടം കഴിഞ്ഞാൽ ചില ദിവസം കിട്ടുക ഇരുന്നൂറ് രൂപ, ചിലപ്പോഴത് മുപ്പത് രൂപ എന്നിങ്ങനെയാണ്. ഭർത്താവ് മരിച്ചു. രണ്ടാൺമക്കളുണ്ടായിരുന്നതും മരിച്ചു. ഇതെല്ലാം പറഞ്ഞുപറഞ്ഞ് ദേവകിയമ്മയുടെ കണ്ണ് നിറഞ്ഞു. തട്ടിൽ ചാരി നിന്ന മരുമകൾ കലയും വിതുമ്പി
''ഇതുകൊണ്ടാണ് ഞാൻ ജീവിക്കുന്നത്, എല്ലാത്തിനും വില കൂടി, ഒരു കിലോ അമരയ്ക്ക് അറുപത് രൂപയാണ്. ഇഞ്ചിക്ക് 80 രൂപയായി. ഒരു നിവർത്തിയുമില്ല സാധനങ്ങൾക്കൊക്കെ ഭയങ്കര വിലയാണ്. സാധനങ്ങളൊന്നും വിറ്റുപോകുന്നില്ല'' - ദേവകിയമ്മ പറയുന്നു.
തൊട്ടരികിലുള്ള ദേവകിയമ്മയുടെ വീട്ടിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ പോയി. വീടല്ലതൊരു കൂടാണ്. ചായം തേക്കാത്ത ചവിട്ടുപടികളിൽ അവരിരുന്നു. അനിശ്ചിതമായ ഭാവിയിലേക്ക് നോക്കിയിരിക്കാൻ പോലും കഴിയില്ലവർക്ക്. കൺമുന്നിലടുത്ത വീടിന്റെ മതിലാണ്. അകത്ത് ചെറുമക്കൾ ഗുണനപ്പട്ടിക എഴുതിപ്പഠിച്ച ചുവരുകൾ. പിക്ചർ ട്യൂബ് കാലത്തെയൊരു ടിവി. പൊളിഞ്ഞ മേൽക്കൂരക്കിടയിലൂടെ വീടിനുള്ളിലേക്ക് നൂണ്ടിറങ്ങുന്ന ഉച്ചസൂര്യൻ. വിറകെരിയുന്ന അടുപ്പ്. അത് കെടാതിരിക്കാനാണ് വേച്ചുവേച്ചുവേച്ചുള്ള ദേവകിയമ്മയുടെ നടപ്പ്. വരോടൊക്കെയാണ് സർക്കാർ പറയുന്നത്, സന്തോഷത്തോടെ വിലക്കയറ്റത്തെ നേരിടാൻ.