നേരത്തെ പൂന്തുറ ക്ഷേത്രത്തിലെ വിഗ്രഹമോഷണവുമായി ബന്ധപ്പെട്ട് അരുണിനെ കസ്റ്റഡിയിലെടുത്തത് വലിയ വിവാദമായിരുന്നു
തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിന്‍റെ കുടുംബക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങള്‍ കവര്‍ന്ന കേസിൽ പിടിയിലായ ക്ഷേത്ര പൂജാരിയുമായി പൊലീസ് തെളിവെടുപ്പ്. മണക്കാട് മുത്തുമാരിയമ്മൻ കോവിലിൽ നടന്ന കവര്‍ച്ചയിലാണ് ക്ഷേത്രത്തിലെ പൂജാരിയായ മംഗലപുരം സ്വദേശി അരുണിനെ ഫോര്‍ട്ട് പൊലീസ് പിടികൂടിയത്. സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയതായി തെളിവെടുപ്പിൽ തിരിച്ചറിഞ്ഞു. തെളിവെടുപ്പിനുശേഷം പ്രതിയെ ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് ഫോര്‍ട്ട് സിഐ പറഞ്ഞു. മോഷ്ടിച്ച ആഭരണങ്ങള്‍ ചാലയിലെ ഒരു സ്ഥാപനത്തില് വിറ്റതായാണ് ഇയാള് മൊഴി നല്‍കിയിരിക്കുന്നത്.
മൂന്ന് സ്വര്‍ണമാല, ഒരു ജോടി കമ്മല, ചന്ദ്രക്കല എന്നീ തിരുവാഭരണങ്ങളാണ് കഴിഞ്ഞ ജൂലൈക്കും സെപ്തംബറിനുമിടയിൽ ക്ഷേത്രത്തിൽ നിന്ന് മോഷണം പോയത്. അരുണ് അവധിയിൽ പോയ ഒഴിവിൽ വന്ന പൂജാരിനടത്തിയ പരിശോധനയിൽ ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. യഥാര്‍ത്ഥ ആഭരണങ്ങള്‍ക്ക് പകരം വെച്ചവയാണിതെന്ന് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. ആഭരണങ്ങള്‍ ഇയാള്‍ പണയം വെച്ചിരിക്കുകയാണെന്ന് സമ്മതിച്ചിരുന്നു. രണ്ട് മാസം മുമ്പ് പൂന്തുറ ക്ഷേത്രത്തിലെ വിഗ്രഹമോഷണവുമായി ബന്ധപ്പെട്ട് അരുണിനെ കസ്റ്റഡിയിലെടുത്തത് വലിയ വിവാദമായിരുന്നു. അന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത സിഐയെ സ്ഥലം മാറ്റുകയും നാല് സിവിൽ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
undefined