പിണറായി വിജയനും കരീമും അടക്കമുള്ള സിപിഎം മുൻനിരനേതൃത്വം ആവനാഴിയിലെ സർവ്വായുധങ്ങളുമായി നേരിട്ട് ആർഎംപി വിരുദ്ധ യുദ്ധം നടത്തിയ ഒഞ്ചിയത്തിന്‍റെ മണ്ണിൽ വന്ന് കരീം തന്നെ തങ്ങളുടെ തോൽവി സമ്മതിച്ചത് തീർച്ചയായും ഇന്നാട്ടിലെ കമ്യൂണിസ്റ്റുകാർ സ്വാഗതം ചെയ്യുന്നു
സിപിഎം നേതാവ് എളമരം കരീമിന്‍റെ ഒഞ്ചിയത്തെ ''ഒറ്റു''പ്രസംഗത്തിന് മറുപടിയുമായി ആർ എം പി. ഒഞ്ചിയം ഏരിയാ കമ്മിറ്റി ഫേസ്ബുക്ക് പേജിലൂടെയാണ് കരീമിന് മറുപടിയുമായി രംഗത്തെത്തിയത്. പിണറായിസത്തിന്‍റെ ക്വട്ടേഷനുകൾക്ക് മുന്നിൽ ഞങ്ങളീ ചെങ്കൊടി താഴ്ത്തുകില്ലെന്ന് ആർ എം പി ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.
ഫേസ് ബുക്ക് കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍...
''ജനാധിപത്യവാദികളുടെ വ്യാപകമായ എതിർപ്പിനിടയാക്കിയ എളമരം കരീമിന്‍റെ ഒഞ്ചിയത്തെ ''ഒറ്റു''പ്രസംഗം അതിലടങ്ങിയ അസഹിഷ്ണുതയും ഭീഷണിയും കൊണ്ട് മാത്രമല്ല, നുണകൾ കൊണ്ടും വൈരുധ്യങ്ങൾ കൊണ്ടുമെല്ലാം സമൃദ്ധമാണെന്ന് കാണാം. സിപിഎം നേതൃത്വം എത്രയോ കാലമായി ഒഞ്ചിയത്തെ കുറിച്ച് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന നുണകളെ കരീം തന്നെ തന്‍റെ പ്രസംഗത്തിൽ തുറന്നുകാട്ടിയത് ഇന്നാട്ടിലെ ജനാധിപത്യ വിശ്വാസികൾക്ക് തീർച്ചയായും വലിയ കൗതുകമായാണ് അനുഭവപ്പെട്ടത്.
എളമരം കരീമിന്‍റെ ഒഞ്ചിയം പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി
''അവർ (ആർഎംപി) വലിയ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തുന്നു'' എന്നാണ് കരീമിന്‍റെ പ്രസംഗത്തിൽ ഉന്നയിച്ചുകേട്ട വലിയൊരാക്ഷേപം!! ''ആർഎംപി-യിലേക്ക് പോയവരിൽ മഹാഭൂരിപക്ഷവും തെറ്റുതിരുത്തി ഇക്കാലം കൊണ്ട് സിപിഎമ്മിലേക്ക് തിരിച്ചുവന്നു''വെന്ന ഒന്നരപ്പതിറ്റാണ്ട് നീണ്ട സിപിഎം നേതൃത്വത്തിന്‍റെ സംഘടിത നുണപ്രചാരണത്തിന്‍റെ പൊള്ളത്തരമാണ് കരീം തന്നെ പൊതുവേദിയിൽ നിർദ്ദയം പൊളിച്ചുകളഞ്ഞത്!! ആർഎംപി-യുടെ പ്രകടനങ്ങളിലും പൊതുസമ്മേളനങ്ങളിലുമെല്ലാം ഇപ്പോഴും കരീമുമാരെ അസ്വസ്ഥത പെടുത്താൻ മാത്രം ആളുകളുണ്ടെന്നത് തന്നെയാണ് ഒഞ്ചിയം മണ്ണിലെ ആർഎംപി സ്വാധീനത്തിന്‍റെ ഏറ്റവും വിശ്വാസയോഗ്യമായ സാക്ഷ്യപത്രം!! പിണറായി വിജയനും കരീമും അടക്കമുള്ള സിപിഎം മുൻനിരനേതൃത്വം ആവനാഴിയിലെ സർവ്വായുധങ്ങളുമായി നേരിട്ട് ആർഎംപി വിരുദ്ധ യുദ്ധം നടത്തിയ ഒഞ്ചിയത്തിന്‍റെ മണ്ണിൽ വന്ന് കരീം തന്നെ തങ്ങളുടെ തോൽവി സമ്മതിച്ചത് തീർച്ചയായും ഇന്നാട്ടിലെ കമ്യൂണിസ്റ്റുകാർ സ്വാഗതം ചെയ്യുന്നു.
കേരളത്തെ നടുക്കിയ പൈശാചികമായ ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ ഒമ്പതാം പ്രതിയായ സി.എച്ച്.അശോകനെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാക്കി ചിത്രീകരിച്ച് 'വിശുദ്ധ'നാക്കി മാറ്റാനുള്ള വൃഥാശ്രമത്തിൽ എത്ര വിചിത്രമായ നുണകളാണ് കരീം തന്‍റെപ്രസംഗത്തിൽ സമർത്ഥമായി ചേർത്തിളക്കിയിരിക്കുന്നതെന്ന് കാണണം നാം. അശോകനെ അന്യായമായി ജയിലിൽ അടച്ചുവെന്നാണ് ഒന്നാമത്തെ നുണ!! ടിപി വധഗൂഢാലോചനയിൽ പങ്കാളിയാണെന്ന് അന്വേഷണസംഘം കൃത്യമായി കണ്ടെത്തിയ ആളാണ് അശോകൻ. അശോകനെ റിമാന്‍റ് ചെയ്തത് പൊലീസല്ല, കോടതിയാണ്. ജയിലിൽ കിടന്നതുകൊണ്ടാണ് അയാൾ ക്യാൻസർ രോഗബാധിതനായത് എന്നതൊക്കെ എത്ര പരിഹാസ്യമായ വാദങ്ങളാണ്!! ''അദ്ദേഹത്തിന് ചികിത്സ ലഭിച്ചില്ല'' എന്ന ആരോപണമുന്നയിക്കുമ്പോൾ റിമാന്‍റ് തടവുകാരനായിരിക്കെ ചികിത്സ ആവശ്യപ്പെട്ട് അശോകനോ, അയാളുടെ അഭിഭാഷകനോ ഒരു തവണയെങ്കിലും കോടതിയെ സമീപിച്ചിരുന്നോ എന്ന് കൂടി കരീം വ്യക്തമാക്കേണ്ടതുണ്ട്. ആസൂത്രിതമായി നുണപ്രചരിപ്പിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന് കരീമുമാർ കരുതരുത്. അശോകൻ ഒരു ഭരണകൂട ഭീകരതയുടെയും രക്തസാക്ഷിയല്ല, അയാൾ അയാളുടെ രോഗത്തിന്‍റെ ഇര മാത്രമാണ്. ഇത്തരം പെരുംനുണ പ്രചാരണങ്ങൾ വഴി കൊലപാതക ഗൂഢാലോചകർക്ക് രക്തസാക്ഷിപരിവേഷം ചാർത്തിക്കളയാമെന്നത് തീർച്ചയായും തികഞ്ഞ വ്യാമോഹമാണ്.
'ആര്‍എംപിക്കാര്‍ ഒറ്റുകാര്‍ തന്നെ' ;എളമരം കരീമിനെ പിന്തുണച്ച് സിപിഎം
അശോകനെ കോടതി കുറ്റവിമുക്തനാക്കി എന്നൊരു പെരുങ്കള്ളം കൂടി കരീം തന്‍റെ പ്രസംഗത്തിനിടയിൽ ഒരു താളത്തിൽ തട്ടിവിട്ടതും ഈ നാട് കേട്ടു. വിചാരണ പൂർത്തിയാവും മുമ്പ് മരണപ്പെടുന്ന പ്രതികളുടെ പേരിലുള്ള കുറ്റാരോപണങ്ങളിൽ ഈ രാജ്യത്ത് ഒരു കോടതിയും വിധി പറയാറില്ലെന്ന അടിസ്ഥാന നീതിന്യായവസ്തുതയെ മറച്ചുവെച്ചാൽ തന്‍റെ പ്രസംഗം കേട്ടിരിക്കുന്ന മണ്ടൻമാർ ഇതൊക്കെ വിശ്വസിച്ചോളുമെന്ന് കരുതുന്ന ഇതുപോലുള്ള അഭിനവ ഗീബൽസുമാരാണ് സിപിഎമ്മിന്‍റെ കേന്ദ്ര കമ്മിറ്റിയിലൊക്കെ ഇരിക്കുന്നതെന്ന അറിവ് കൂടിയാണ് തീർച്ചയായും കരീം ജനാധിപത്യ പൊതുസമൂഹത്തിന് നൽകിയിട്ടുള്ളത്!! ''