എല്‍ഡിഎഫില്‍ ആര്‍ജെഡിക്ക് മാത്രം മന്ത്രിയില്ല, ഇത് വഞ്ചന, രാഷ്ട്രീയ നെറികേട്, പക്ഷെ മുന്നണി വിടില്ല

By Web Desk  |  First Published Jan 9, 2025, 2:51 PM IST

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഏതെങ്കിലും പാർട്ടികൾക്ക് സ്ഥാനമാനങ്ങൾ തികയാത്തതുണ്ടെങ്കിൽ ,ആർജെഡിക്ക് തന്നിരിക്കുന്ന രണ്ട് ചെയർമാൻ സ്ഥാനങ്ങൾ  എടുത്ത് അവരുടെ  അധികാര ദാഹം തീർക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍. .


കോഴിക്കോട്: ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ നിയമസഭാ പ്രാതിനിധ്യമുള്ള എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസ്ഥാനം നൽകിയെങ്കിലും ആർജെഡിയെ മാത്രം മാറ്റി നിർത്തിയത് വഞ്ചനാപരവും രാഷ്ട്രീയ നെറികേടും ആണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ പറഞ്ഞു.സിപിഎം നേതൃത്വം എന്തൊക്കെ പറഞ്ഞാലും മുന്നണിയിലെ ഒരു ഘടകകക്ഷിയോട് മാത്രം ന്യായീകരണം ഇല്ലാതെ കാണിക്കുന്ന  അനീതി ശരിയല്ലെന്നും തെറ്റാണെന്നും ചിന്തിക്കുന്നവരാണ് ഭൂരിപക്ഷം പൊതുസമൂഹവും. പക്ഷേ ആർ ജെ ഡി ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് വന്നത് മന്ത്രിസ്ഥാനമോ  മറ്റു സ്ഥാനങ്ങളോ ലഭിക്കുമെന്ന പ്രതീക്ഷയിൽ അല്ല. അങ്ങനെയായിരുന്നെങ്കിൽ രണ്ട് വർഷം കൂടെ കാത്തിരുന്നാൽ യുഡിഎഫിന്‍റെ  ഭാഗമായി ഉറപ്പായും ജയിക്കാമായിരുന്ന  രണ്ട് മണ്ഡലങ്ങൾ പാർട്ടിയുടെ കൈവശം ഉണ്ടായിരുന്നു. വടകരയും കൽപ്പറ്റയും .

ഇനിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഏതെങ്കിലും പാർട്ടികൾക്ക് സ്ഥാനമാനങ്ങൾ തികയാത്തതുണ്ടെങ്കിൽ ആർജെഡിക്ക് തന്നിരിക്കുന്ന രണ്ട് ചെയർമാൻ സ്ഥാനങ്ങൾ കൂടെ സിപിഎമ്മോ മറ്റ് ഇടതു ഘടകകക്ഷികളും എടുത്ത് അവരുടെ  അധികാര ദാഹം തീർക്കണമെന്നും അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആർ ജെ ഡി അഥവാ എൽജെഡി യുഡിഎഫിന്‍റെ  ഭാഗമായി ജയിച്ച സിറ്റിങ് സീറ്റുകളിൽ മാത്രമാണ് ഇടതുപക്ഷ മുന്നണിയിൽ ചേർന്ന ശേഷം മത്സരിച്ചത്. സ്വാഭാവികമായും ഇവയിൽ മിക്ക സീറ്റുകളും എൽഡിഎഫിന് വിജയസാധ്യത ഇല്ലാത്തവയായിരുന്നു. മണ്ഡല പുനർനിർണയം നടന്നില്ലെന്നതും ശ്രദ്ധേയമാണ്. പ്രതികൂലമായ രാഷ്ട്രീയ സാഹചര്യത്തിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം കൊണ്ട് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ നാലാമത്തെ പാർട്ടി ആവാൻ ആർജെഡിക്ക് സാധിച്ചു.

Latest Videos

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി ഒരു സിറ്റിംഗ് സീറ്റ് പോലും ഇല്ലാതെയാണ് പാർട്ടി മത്സരിച്ചത് എന്ന് ഓർക്കണം. അത് പാർട്ടിക്ക് ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലാത്ത ചില സോഷ്യലിസ്റ്റ് തുരുത്തുകളിലെ ശക്തി കാരണം തന്നെയാണ്. എന്നാൽ 12 ഓളം ഘടകകക്ഷികൾ ഉള്ള എൽഡിഎഫിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അഞ്ചു മുതൽ 12 വരെ സ്ഥാനങ്ങൾ നേടിയ, ഒരു പഞ്ചായത്ത് മെമ്പറെ പോലും വിജയിപ്പിക്കാൻ കഴിയാത്ത പാർട്ടികൾക്കടക്കം മന്ത്രിസ്ഥാനവും ഉന്നത സ്ഥാനമാനങ്ങളും നൽകിയപ്പോഴും പാർട്ടിയോട് മാത്രം പ്രതികാര ബുദ്ധിയോടെ പെരുമാറി എന്ന് പറയാതിരിക്കാൻ നിർവാഹമില്ല. അതുകൊണ്ടുതന്നെ സ്ഥാനമാനങ്ങൾ നിഷേധിക്കപ്പെട്ട് അധികാരമില്ലാതെ ശ്വാസംമുട്ടി ഇല്ലാതാവുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കൂട്ടത്തിൽ ആർജെഡിയെ ആരും കൂട്ടേണ്ടതുമില്ല


ഇന്നത്തെ സാഹചര്യത്തിൽ മത വർഗീയതക്കെതിരെ കൃത്യമായ നിലപാട് സ്വീകരിക്കാൻ സാധിക്കുന്ന രാഷ്ട്രീയ നിലപാട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെതാണ് എന്ന തിരിച്ചറിവിലാണ് പാർട്ടി ഇടതുപക്ഷ ആധിപത്യമുന്നണിയുടെ ഭാഗമായത്. എൽഡിഎഫ് വിജയിച്ച മൂന്ന് സിറ്റിങ്  സീറ്റുകൾ പാർട്ടിക്ക് തന്നത് കാണാതിരിക്കാനും കഴിയില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് ആർ ജെ ഡി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മുന്നണി മാറേണ്ട രാഷ്ട്രീയ സാഹചര്യം നിലവിൽ പാർട്ടി ഒരു തലത്തിലും ചർച്ച ചെയ്യുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ലെന്നും സലിം മടവൂര്‍ വ്യക്തമാക്കി

tags
click me!