ശാസ്ത്രീയ തെളിവുകൾ വിചാരണ കോടതി അവഗണിച്ചു എന്നും അപ്പീലിൽ ആരോപിക്കുന്നു
കൊച്ചി: വിവാദമായ റിയാസ് മൗലവി കേസിൽ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് സർക്കാർ അപ്പീലിൽ വിമർശിക്കുന്നു. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിടാൻ ദുർബലമായ കാരണങ്ങൾ വിചാരണ കോടതി കണ്ടെത്തി. വിചാരണ കോടതി ഉത്തരവ് ഞെട്ടിക്കുന്നതെന്നും സർക്കാർ ഹർജിയിൽ ആരോപിച്ചു. ശാസ്ത്രീയ തെളിവുകൾ വിചാരണ കോടതി അവഗണിച്ചു എന്നും അപ്പീലിൽ ആരോപിക്കുന്നു.
നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ അന്വേഷണമാണ് നടന്നതെന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടികാട്ടിയാണ് കേസിലെ പ്രതികളും ആർ.എസ്.എസ് പ്രവർത്തകരുമായ നിതിൻ. അജേഷ്, അഖിലേഷ് എന്നിവരെ കോടതി സംശയത്തിന്‍റെ ആനുകൂല്യം നൽകി വെറുതെ വിട്ടത്. കേസ് നടത്തിപ്പിൽ പ്രോസിക്യൂഷൻ വീഴ്ചയ്ക്കെതിരെ കുടുംബമടക്കം വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ അപ്പീൽ നൽകിയത്.