കേന്ദ്ര ഏജൻസികളുടെ കേസ് വ്യക്തികൾ നിയമപരമായി നേരിടും, പാർട്ടി രാഷ്ട്രീയമായി നേരിടുമെന്നും പിബി അംഗം മുഹമ്മദ് സലീം
മധുര: കേരള സർക്കാരിന് പ്രതിരോധം തീർക്കണമെന്ന പ്രമേയം മധുരയിൽ നടക്കുന്ന സിപിഎമ്മിൻ്റെ 24ാം പാർട്ടി കോൺഗ്രസ് പാസാക്കി. പിബി അംഗം മുഹമ്മദ് സലീമാണ് പ്രമേയം അവതരിപ്പിച്ചത്. വീണ വിജയനെതിരായ കേസ് പ്രമേയത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. കേന്ദ്ര ഏജൻസികൾ കേരള മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യം വയ്ക്കുന്നുവെന്ന് പ്രമേയത്തിൽ മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി.
അതേസമയം പ്രമേയം പാസാക്കിയത് വിശദീകരിച്ച വാർത്താ സമ്മേളനത്തിൽ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി നേരിടുമെന്ന് മുഹമ്മദ് സലീം വിശദീകരിച്ചു. എന്നാൽ കേസ് നേരിടുന്നവർ തന്നെ നിയമപരമായി കേസിനെ നേരിടും. പാർട്ടി ഇതിൽ ഭാഗമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജൻസികളെ നിയമപരമായും നേരിടുമെന്ന് ഇന്നലെ പിബി അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പ്രകാശ് കാരാട്ടും താനും പറഞ്ഞതിനിടയിൽ വ്യത്യാസമില്ലെന്നായിരുന്നു മുഹമ്മദ് സലീമിൻ്റെ പ്രതികരണം.