സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നല്‍കിയില്ല; ഗൃഹനാഥൻ ജീവനൊടുക്കി

By Web Team  |  First Published May 2, 2024, 7:34 AM IST

മകളുടെ വിവാഹത്തിന് വേണ്ടിയാണ് പണം തിരികെ ചോദിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19നാണ് സോമസാഗരം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്


തിരുവനന്തപുരം: സഹകരണബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാൽ ഗൃഹനാഥൻ വിഷം കഴിച്ച് ആത്മഹത്യചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സോമസാഗരമാണ് മരിച്ചത്. പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച അഞ്ചുലക്ഷം രൂപ മകളുടെ വിവാഹത്തിനായാണ് തിരികെ ആവശ്യപ്പെട്ടത്.

വയലിൽ പണിയെടുത്തും കൂലിവേല ചെയ്തും വർഷങ്ങൾ കൊണ്ട് സമ്പാദിച്ച അഞ്ചു ലക്ഷം രൂപയാണ് സോമസാഗരം ബാങ്കില്‍ നിക്ഷേപിച്ചത്. മകളുടെ വിവാഹത്തിനും ചോര്‍ന്നൊലിക്കുന്ന വീട് പുതുക്കിപ്പണിയാനുമായാണ് പണം തിരിച്ചുചോദിച്ചത്. ആറുമാസമായി പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കയറി ഇറങ്ങി. ഓരോ തവണ പോവുമ്പോഴും വ്യത്യസ്ത കാരണം പറഞ്ഞ് തിരിച്ചയക്കും. മകളുടെ വിവാഹാലോചനകള്‍ വന്നു തുടങ്ങിയതോടെ അസ്വസ്ഥനായ സോമസാഗരം ഇക്കഴിഞ്ഞ 19നാണ് കീടനാശിനി കുടിച്ചത്. രാത്രിയോടെ ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറോടാണ് വിഷം കഴിച്ചതെന്തിനെന്ന കാര്യം വെളിപ്പെടുത്തിയത്. 

Latest Videos

പത്തു ദിവസത്തെ ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് മരിച്ചത്. മരണത്തിന് ഉത്തരവാദികള്‍ ബാങ്ക് അധികൃതരാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. അഞ്ചു ലക്ഷം രൂപ അടുത്ത ദിവസം തന്നെ തിരികെ നല്‍കാമെന്ന് പറഞ്ഞതായും ഒരു ലക്ഷം നേരത്തെ നല്‍കിയിരുന്നുവെന്നുമാണ് ബാങ്കിന്‍റെ  വിശദീകരണം. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് ഭരണസമിതിക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ബന്ധുക്കള്‍.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

എസ്എന്‍സി ലാവ്ലിൻ കേസ്; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും; ലിസ്റ്റ് ചെയ്തത് 110 നമ്പര്‍ കേസായി

 

click me!