പുതുപ്പള്ളിയിൽ വിമത നീക്കം തടഞ്ഞ് കോൺഗ്രസ്; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനെ അനുനയിപ്പിച്ച് ഒപ്പം നിർത്തി

By Web Team  |  First Published Aug 10, 2023, 6:36 AM IST

കെപിസിസി പ്രസിഡന്റ്  ഉൾപ്പെടെയുള്ളവർ പ്രശ്നത്തിൽ ഇടപെട്ടു. ഇന്നലെ രാത്രി വൈകി നടന്ന ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്


കോട്ടയം: പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർത്ഥിയായേക്കുമെന്ന് കരുതിയ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ അനുനയിപ്പിച്ച് ഒപ്പം നിർത്തി കോൺഗ്രസ് നേതൃത്വം. ഇന്നലെ രാത്രി ഇടതുമുന്നണിയുടെ വമ്പൻ രാഷ്ട്രീയ നീക്കത്തെ കുറിച്ച് വാർത്ത വന്നതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം രംഗത്തിറങ്ങി. ഉമ്മൻ ചാണ്ടിയുടെ കുടുംബം മുന്നിൽ നിന്ന് വിമത നേതാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. കെപിസിസി പ്രസിഡന്റ്  ഉൾപ്പെടെയുള്ളവർ പ്രശ്നത്തിൽ ഇടപെട്ടു. ഇന്നലെ രാത്രി വൈകി നടന്ന ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്.

ഉമ്മൻ ചാണ്ടിയുമായി വളരെയേറെ ആത്മബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ഇടത് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടത്. ഇദ്ദേഹത്തെ ഇന്ന് രാവിലെ 11 മണിക്ക് ചാണ്ടി ഉമ്മനെതിരെ വാർത്താ സമ്മേളനം നടത്തി രംഗത്തിറക്കാനായിരുന്നു ഇടത് നീക്കം. താനടക്കമുള്ള പുതുപ്പള്ളിയിലെ മറ്റ് നേതാക്കളെ സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതാണ് നേതാവിനെ കോൺഗ്രസ് വിടാനുള്ള ആലോചനയിലേക്ക് എത്തിച്ചത്. വിവരം മുൻകൂട്ടി മനസിലാക്കി ഇടതുമുന്നണി നീക്കം നടത്തുകയായിരുന്നു. എങ്കിലും ഇടതുപക്ഷത്തിന്റെ വൻ രാഷ്ട്രീയ നീക്കം ഫലപ്രദമായി തടയാൻ കോൺഗ്രസിന് കഴിഞ്ഞു. ഇന്ന് രാവിലെ ഈ നേതാവ് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.

Latest Videos

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

 

click me!