തിങ്കളാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്ന വ്യവസ്ഥക്കും ഇളവ് നൽകിയിട്ടുണ്ട്.
കണ്ണൂർ: കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്. കണ്ണൂർ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാമെന്നും ഇളവുകളിൽ പറയുന്നു. തിങ്കളാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്ന വ്യവസ്ഥക്കും ഇളവ് നൽകിയിട്ടുണ്ട്. ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി. തലശ്ശേരി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ദിവ്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.
യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തത്. ഒക്ടോബര്‍ 14 ന് നടന്ന യാത്രയയപ്പ് യോഗത്തിലായിരുന്നു വിവാദങ്ങളുടെ തുടക്കം. യോഗത്തിലേക്ക് ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥലംമാറ്റത്തിന്റെ സന്തോഷം തല്ലിക്കെടുത്തി ആക്ഷേപങ്ങൾ ചൊരിഞ്ഞു. തുടര്‍ന്ന് കിട്ടിയ ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് നവീൻ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്. രാത്രി 8.55നുള്ള മലബാർ എക്സ്പ്രസിനായിരുന്നു നവീൻ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നത്. പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീൻ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിക്കുന്നത്. എഡിഎമ്മിന്റെ ഡ്രൈവർ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.