ഷിരൂരിൽ നാളെ റെഡ് അലര്‍ട്ട്, സാഹചര്യം നോക്കി തെരച്ചില്‍; ​ഗം​ഗാവലി പുഴയിലെ തെരച്ചിൽ നിർത്തില്ല; കാർവാർ എംഎൽഎ

By Web TeamFirst Published Sep 23, 2024, 6:54 PM IST
Highlights

നാവിക സേനയും ഐബോഡും കണ്ടെത്തിയ സ്പോട്ടുകളിൽ ആണ് പരിശോധന തുടരുന്നത്. 

ബെം​ഗളൂരു: ഷിരൂരിലെ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള ​ഗം​ഗാവലി പുഴയിലെ തെരച്ചിൽ നിർത്തില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ. നാളെ റെഡ് അലർട്ട് ആയതിനാൽ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചിൽ തുടരുകയെന്നും എംഎൽഎ അറിയിച്ചു. സാഹചര്യം അനുകൂലമല്ലെങ്കിൽ തല്ക്കാലം ഒരു ദിവസം മാത്രമേ തെരച്ചിൽ നിർത്തുകയുളളൂ. നാവിക സേനയും ഐബോഡും കണ്ടെത്തിയ സ്പോട്ടുകളിൽ ആണ് പരിശോധന തുടരുന്നത്. അർജുന്റെ കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് പരിശോധന. 

ഇന്ന് ​ഗം​ഗാവലി പുഴയിൽ നടത്തിയ തെരച്ചിലിൽ ലോറിയുടെ ഭാ​ഗം കണ്ടെത്തി. ലോറിയുടെ പിൻഭാഗത്തെ ടയറുകൾ ആണ് കണ്ടെത്തിയത്. നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. 4 ടയറുകളോട് കൂടിയ പിൻഭാഗമാണ് കണ്ടെത്തിയത്. ഇവ ​ഗ്യാസ് ടാങ്കർ ലോറിയുടേതാണോയെന്ന സംശയവും ഉയരുന്നുണ്ട്. 

Latest Videos

അതേ സമയം, മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തിയിരുന്നു. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറൻസിക് ലാബിലേക്ക് പൊലീസ് കൊണ്ടുപോയിട്ടുണ്ട്. അസ്ഥി കിട്ടിയിട്ടുണ്ട് എന്ന് സതീഷ് സെയിൽ എംഎൽഎ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എഫ്എസ്എൽ ലാബിലേക്ക് അയക്കണം. മനുഷ്യന്‍റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്‍റേത് ആണോ എന്ന് പരിശോധനയിൽ മാത്രമേ വ്യക്തമാകൂ. അതിന് ചുരുങ്ങിയത് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും സതീഷ് സെയിൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

click me!