അവിവാഹിതയായ യുവതിയിൽ ജനിച്ച കുട്ടിയെ കൈമാറിയത് ഇടനിലക്കാരൻ മുഖേന
കൊച്ചി : കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുകേസിലെ ദുരൂഹതകളുടെ ചുരുളഴിഞ്ഞുതുടങ്ങി. കുട്ടിയുടെ അമ്മ നിലവിൽ വിദേശത്താണെന്നും ഇടനിലക്കാരൻ മുഖേനയാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുഞ്ഞിനെ ജനിച്ചയുടനെ കൈമാറിയതെന്നും വ്യക്തമായി.
അവിവാഹിതയായ യുവതിയ്ക്ക് ജനിച്ച കുട്ടിയെ സംരക്ഷിക്കാൻ ബന്ധുക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇക്കാര്യമറിഞ്ഞ തൃപ്പൂണിത്തുറ ദമ്പതികളുടെ ഗായകനായ സൃഹൃത്താണ് ഇടനിലക്കാരനായത്. തുടർന്ന് പ്രതി അനിൽ കുമാറിന്‍റെ കൂടി അറിവോടെയാണ് കുട്ടിയെ കൈമാറിയത്. ഈ ഇടപാടിൽ ആശുപത്രിയിലെ റെക്കാർഡ്സ് വിഭാഗത്തിലെ ചില ജീവനക്കാരെ കൂടി പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ നഗരസഭാ താൽക്കാലിക ജീവനക്കാരി രഹ്ന പൊലീസിനെ സമീപിച്ചിട്ടുണ്ട്.
ഇതിനിടെ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിനായി പ്രതി അനിൽകുമാറും കുട്ടിയെ കൈവശം വെച്ച തൃപ്പൂണുത്തുറ സ്വദേശി അനൂപും കൂടിക്കാണുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. കളമശേരി മെഡിക്കൽ കോളജിലെ ഇക്കഴിഞ്ഞ ജനുവരി 31 ലെ സിസിടിവി ദൃശ്യമാണ് പുറത്ത് വന്നത്. വ്യാജ ജനന സർട്ടിഫിക്കറ്റുണ്ടാക്കാൻ മെഡിക്കൽ കോളജിലെത്തിയ തൃപ്പൂണിത്തുറ സ്വദേശി അനൂപ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റും കേസിൽ പ്രതിയുമായ അനിൽകുമാറുമായി കൂടിക്കാഴ്ച നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനുപിന്നാലെയാണ് നഗരസഭാ കിയോസ്കിലെത്തിയ അനിൽ കുമാർ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ കഴിഞ്ഞ ഒക്ടോബർ ആദ്യവാരം മുതൽ തന്നെ ജനന സർട്ടിഫിക്കറ്റിനായി തൃപ്പൂണിത്തുറ ദമ്പതികൾ ശ്രമം തുടങ്ങിയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ കുട്ടിയെ കൈവശം വെച്ചിരുന്ന തൃപ്പൂണിത്തുറ ദമ്പതികൾ ഒളിവിലാണ്. മുൻകൂർ ജാമ്യത്തിനുളള നീക്കവും ഇവർ തുടങ്ങിയിട്ടുണ്ട്. എന്നാൽ വ്യാജ രേഖ ചമച്ചതിലെ പ്രേരണാ കുറ്റത്തിൽ ഇവരെ പ്രതിചേർക്കുന്നതിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവും മുഖ്യ പ്രതിയുമായ അനിൽ കുമാറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.