'ഗര്‍ജിച്ച് ദേഹത്തേക്ക് ചാടി,തലനാരിഴക്കാണ് രക്ഷപ്പെട്ടത്';കടുവയില്‍ നിന്ന് രക്ഷപ്പെട്ട മൊയ്തു പറയുന്നു

By Vijayan Tirur  |  First Published Jan 14, 2023, 6:11 PM IST

"ഒരു ചെടിയിലെ കാപ്പി പറിച്ചു തീര്‍ന്ന് രണ്ടാമത്തേതിലേക്ക് മാറിയിട്ടെ ഉണ്ടായിരുന്നുള്ളു. പെട്ടന്നാണ് ഗര്‍ജനത്തോടെ കടുവ ദേഹത്തേക്ക് ചാടിവന്നത്. അലറിക്കരഞ്ഞ് കൊണ്ട് തെല്ല് മാറാനായതിനാല്‍ കടുവയുടെ ആദ്യത്തെ ചാട്ടം പിഴച്ചു. രണ്ടാമത്തെ ചാട്ടവും ചെറിയ വ്യത്യാസത്തില്‍ ശരീരം തൊടാതെ കടന്നുപോയതും ഭാര്യയെയും താങ്ങി വീട്ടിലേക്ക് ഓടുകയായിരുന്നു."


കല്‍പ്പറ്റ: "രാവിലെ ഏഴരയോടെ വീട്ടില്‍ നിന്ന് ഇരുപത് മീറ്റര്‍ മാത്രം ദൂരമുള്ള അരയേക്കര്‍ പറമ്പിലെ കാപ്പി പറിക്കാന്‍ ഇറങ്ങിയതായിരുന്നു ഞാനും ഭാര്യ ജമീലയും. ഒരു ചെടിയിലെ കാപ്പി പറിച്ചു തീര്‍ന്ന് രണ്ടാമത്തേതിലേക്ക് മാറിയിട്ടെ ഉണ്ടായിരുന്നുള്ളു. പെട്ടന്നാണ് ഗര്‍ജനത്തോടെ കടുവ ദേഹത്തേക്ക് ചാടിവന്നത്. അലറിക്കരഞ്ഞ് കൊണ്ട് തെല്ല് മാറാനായതിനാല്‍ കടുവയുടെ ആദ്യത്തെ ചാട്ടം പിഴച്ചു. രണ്ടാമത്തെ ചാട്ടവും ചെറിയ വ്യത്യാസത്തില്‍ ശരീരം തൊടാതെ കടന്നുപോയതും ഭാര്യയെയും താങ്ങി വീട്ടിലേക്ക് ഓടുകയായിരുന്നു. കടുവയുടെ ആക്രമണം കണ്ട് ജമീല തളര്‍ന്നുപോയിരുന്നു". പടിഞ്ഞാറത്തറ കുപ്പാടിത്തറ മില്ലുമുക്കില്‍ കടുവ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കേളോത്ത് മൊയ്തു ഭീതിജനകമായ സംഭവം വിവരിക്കുകയാണ്. 

അത്യാവശ്യമായി ഒരു യാത്രയുള്ളതിനാലാണ് ശനിയാഴ്ച അതിരാവിലെ തന്നെ ഭാര്യയെയും കൂട്ടി കാപ്പി പറിക്കാനിറങ്ങിയത്. കുരങ്ങിന്റെയോ പന്നിയുടെയോ ശല്യം പോലുമില്ലാത്ത മില്ലുമുക്ക് പ്രദേശത്ത് കടുവ പോലെയുള്ള മൃഗങ്ങളെ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കുന്നില്ലായിരുന്നു. 20 കിലോമീറ്റര്‍ മാറി തൊണ്ടര്‍നാട് പുതുശ്ശേരിയിലും വെള്ളാരംകുന്നിലും ഇറങ്ങിയ കടുവ ഇവിടേക്ക് എത്തുമെന്ന വിശ്വാസവും ഉണ്ടായിരുന്നില്ല. പന്നിയുടെ ആക്രമണം പോലും ചിന്തയിലില്ലാതെ ജോലിയെടുക്കുന്നതിനിടെയാണ് കൂറ്റന്‍ കടുവ ഉയര്‍ന്നുചാടി വരുന്നത്. താനും തളര്‍ന്നുപോയിരുന്നെങ്കിലും ഭാര്യയുടെ നിലവിളിയില്‍ അവളെയും താങ്ങി ഓടുകയായിരുന്നു. മകന്‍ ജാസിറിന്റെ ഭാഗ്യം കൊണ്ട് പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടെന്നും മെയ്തു കൂട്ടിച്ചേര്‍ത്തു. 

Latest Videos

undefined

കടുവയെ കണ്ട കാര്യം വീട്ടിലെത്തിയതിന് ശേഷം പടിഞ്ഞാറത്തറ പൊലീസില്‍ അറിയിച്ചതും മൊയ്തു തന്നെയാണ്. അല്‍പ്പ സമയത്തിനകം തന്നെ 25 ഓളം പൊലീസുകാര്‍ മില്ലുമുക്കിലെത്തി. ഈ സമയം മൊയ്തുവിന്റെ കാപ്പിത്തോട്ടത്തില്‍ നിന്ന് കടുവ ഇദ്ദേഹത്തിന്റെ വീടിന്റെ മുന്‍വശത്തുള്ള വാഴത്തോട്ടത്തിലേക്ക് വലിഞ്ഞിരുന്നു. എന്നാല്‍ പൊലീസും നൂറുകണക്കിന് നാട്ടുകാരും ചേര്‍ന്ന് ഒന്നരയേക്കറോളം വരുന്ന വാഴത്തോട്ടം വളഞ്ഞ് കടുവ പുറത്തേക്കിറങ്ങുന്നത് തടഞ്ഞു. ഇതിനിടയില്‍ തന്നെ പൊലീസും നാട്ടുകാരും വനംവകുപ്പിനും വിവരം കൈമാറിയിരുന്നു. പതിനൊന്ന് മണി കഴിഞ്ഞപ്പോള്‍ വനംവകുപ്പിന്റെ ദ്രുത കര്‍മ്മസേന മയക്കുവെടിവെക്കുന്നതിന് തോക്കുകള്‍ അടക്കമുള്ള സംവിധാനങ്ങളുമായി വന്നു. ഓര്‍ഡര്‍ ലഭിക്കുന്നതിനായി കുറച്ചു നേരത്തെ കാത്തിരിപ്പ്. പിന്നെ 12 മണിയോടെ ആദ്യവെടിയുതിര്‍ത്തു. 

ഏഴ് റൗണ്ട് വരെ വെടിയൊച്ച കേട്ടതായി മൊയ്തു പറഞ്ഞു. വെടികൊണ്ടതിന് ശേഷം കടുവ വീണ്ടും മൊയ്തുവിന്റെ കാപ്പിത്തോട്ടത്തിലേക്കും ഇവിടെ നിന്നും നടമ്മല്‍ പള്ളിക്ക് സമീപമുള്ള കുന്നിലേക്കും ഓടിക്കയറി. പിന്നീട് വീടിന് സമീപമുള്ള കാപ്പിത്തോട്ടത്തില്‍ തളര്‍ന്നുവീഴുകയായിരുന്നു. കടുവ തളര്‍ന്നു തുടങ്ങുമ്പോഴും എഴുന്നേല്‍ക്കാനുള്ള ശ്രമം നടത്തുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. തീര്‍ത്തും മയക്കത്തിലായതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും ദ്രുത കര്‍മസേനയും കടുവയുടെ അടുത്തെത്തി അതിനെ വലക്കുള്ളിലാക്കിയത്. ഒന്നരയോടെ കടുവയെയും വഹിച്ചുള്ള വാഹനവ്യൂഹം അതിവേഗം ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് വെച്ച് പിടിച്ചു. ഇതിനിടെ തന്നെ തൊണ്ടനാട് ഇറങ്ങിയ കടുവ തന്നെയാണോ കുപ്പാടിത്തറയിലെത്തിയതെന്ന പ്രാഥമിക പരിശോധന വനംവകുപ്പ് നടത്തിയിരുന്നു. രണ്ടിടങ്ങളിലും എത്തിയ കടുവയെ തന്നെയാണ് പിടികൂടിയിട്ടുള്ളതെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്‌ന കരീം അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ തുടര്‍ന്നുള്ള മണിക്കൂറുകളില്‍ നടക്കുമെന്നും അവര്‍ വ്യക്തമാക്കി.   വെള്ളാരംകുന്നില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച സാലു എന്ന തോമസിന്റെ സംസ്‌കാര ചടങ്ങുകള്‍ തീരുന്നതിന് മുമ്പ് തന്നെ കടുവയെ പിടികൂടാന്‍ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് വനംവകുപ്പും ഒപ്പം നാട്ടുകാരും.

Read Also: പക്ഷിപ്പനി : സര്‍ക്കാര്‍ പൗള്‍ട്രി ഫാമിലെ കോഴികളെ കൊന്നൊടുക്കി, ഡോക്ടറുള്‍പ്പെടെ 14 ജീവനക്കാര്‍ ക്വാറന്‍റൈനിൽ

click me!