സമസ്‌ത വേദിയിൽ മുസ്ലിം ലീഗ് നേതാക്കളെ പ്രശംസിച്ച് രമേശ് ചെന്നിത്തല; ബിജെപിക്കും ആർഎസ്എസിനും വിമർശനം

By Web Desk  |  First Published Jan 4, 2025, 8:31 PM IST

ജാമിഅ നൂരിയ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചുള്ള ഗരീബ് നവാസ് സെഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.


മലപ്പുറം: സമസ്തയുടെ വേദിയിൽ മുസ്ലിം ലീഗ് നേതാക്കളെയാകെ പ്രശംസിച്ചും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും രമേശ് ചെന്നിത്തല. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാവുമ്പോഴെല്ലാം പാണക്കാട് തങ്ങൾമാരും പികെ കുഞ്ഞാലികുട്ടിയും സമാധാന സന്ദേശവുമായി എത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജാമിഅ നൂരിയ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചുള്ള ഗരീബ് നവാസ് സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

ആർഎസ്എസും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാർപാപ്പയുമായി സാദിഖ് അലി തങ്ങൾ കൈകൊടുത്ത് നിൽക്കുന്ന ചിത്രം കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. എല്ലാ മതങ്ങളെയും ഒന്നിപ്പിക്കുന്നതാണ് പാണക്കാട് തങ്ങൾമാരുടെ പാരമ്പര്യം. ബാബറി മസ്ജിദ് പൊളിച്ച സമയത്ത് ഇവിടെ സംഘർഷങ്ങൾ ഉണ്ടാവാതിരുന്നത് പാണക്കാട്  ശിഹാബ് തങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ്. ബാബറി മസ്ജിദ് പൊളിച്ച സമയത്ത് ഇവിടെ സംഘർഷങ്ങൾ ഉണ്ടാവാതിരുന്നത് പാണക്കാട്  ശിഹാബ് തങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ്. എല്ലാ മതങ്ങൾക്കും സ്വീകാര്യമായ നിലപാട് സ്വീകരിക്കുന്നവരാണ് പാണക്കാട് തങ്ങൾമാരെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

നരേന്ദ്ര മോദി എക്കാലവും രാജ്യം ഭരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കാൽ ഇടറി തുടങ്ങി. ബിജെപിക്ക് 2024 ൽ ജനങ്ങൾ നൽകിയത് തോൽവിക്ക് സമാനമായ വിജയമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്ര സർക്കാർ പ്രവർത്തിച്ചു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിച്ചു. ഇന്ത്യയുടെ ജുഡീഷ്യറി നിഷ്‌പക്ഷമാവാതിരിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു. വിയോജിപ്പുകൾക്കിടയിലും ഫാസിസത്തിനെതിരെ യോജിക്കാൻ കഴിയും എന്നതാണ് 2024 തന്ന ഏറ്റവും വലിയ പ്രതീക്ഷ. 

പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ആരാധനാലയങ്ങളെയും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റ ഉത്തരവാദിത്തമാണ്. എന്നാൽ ബിജെപിയും ആർഎസ്എസും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. നൂറ്റാണ്ടുകൾ മുൻപ് ഭരിച്ച മുഗൾ രാജാക്കന്മാർ പോലും ഇന്ത്യയെ ഇസ്ലാം രാഷ്ട്രമാക്കി മാറ്റാൻ ശ്രമിച്ചിരുന്നില്ല. എന്നാലിപ്പോൾ രാജ്യത്തെ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതായി. ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ജനങ്ങൾ ആഗ്രഹിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഖുർആനും ഗീതയും ബൈബിളും നൽകുന്നത് മാനവികതയുടെ സന്ദേശമാണെന്നും ഹിന്ദു മതം ഒരു മതത്തെയും ഇകഴ്ത്തി കാണിക്കാൻ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!