എത്ര കോടികൾ ചെലവഴിച്ച് ആർഭാടം വിതറിയാലും ഭരണപരാജയത്തിന്റെ ദുർഗന്ധത്തെ മറയ്ക്കാനാവില്ല; രമേശ് ചെന്നിത്തല

Published : Apr 17, 2025, 04:00 PM IST
എത്ര കോടികൾ ചെലവഴിച്ച് ആർഭാടം വിതറിയാലും ഭരണപരാജയത്തിന്റെ ദുർഗന്ധത്തെ മറയ്ക്കാനാവില്ല; രമേശ് ചെന്നിത്തല

Synopsis

സംസ്ഥാന സ‍ർക്കാരിന്റെ നാലാം വാ‍ർഷിക പ്രചാരണ ധൂ‍ർത്തിനായി വൻ തുക അനുവദിച്ചതിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നീക്കം ഭരണപരാജയം മറക്കാനുള്ള ശ്രമമാണ്  നടക്കുന്നതെന്ന് രമേശ് ചെന്നിത്തല. 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികത്തിന്റെ പ്രചാരണ ധൂർത്തിന് 26 കോടി അനുവദിച്ച് സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എത്ര കോടികൾ ചെലവഴിച്ച് ആർഭാടം വാരി വിതറിയാലും ഭരണപരാജയത്തിന്റെ ദുർഗന്ധത്തെ മറയ്ക്കാനാവില്ലെന്നാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കിലെ രൂക്ഷ വിമ‍ശനത്തിൽ വിശദമാക്കുന്നത്. സംസ്ഥാനം വന്‍ കടക്കെണിയില്‍ ഉരുകുമ്പോള്‍ സാമാന്യ മര്യാദയുടെ സകല സീമകളും ലംഘിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രചാരണങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത്. പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു മാത്രം 25.915 കോടിയോളം രൂപയാണ് അനുവദിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്  വെറും മൂന്ന് മാസം മാത്രം അകലെ നിൽക്കുമ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പ് ഒരു വർഷം മാത്രം ദൂരെ നിൽക്കുമ്പോൾ, സമ്പൂർണ്ണമായും സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കളമൊരുക്കുകയാണ് ഇടതു മുന്നണിയെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചാരണ ധൂര്‍ത്തിന് കേരളസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പരസ്യത്തിനു വേണ്ടി മാത്രം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പിന് 26 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വന്‍ കടക്കെണിയില്‍ ഉരുകുമ്പോള്‍ സാമാന്യ മര്യാദയുടെ സകല സീമകളും ലംഘിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രചാരണങ്ങള്‍ക്കായി പണം ചിലവഴിക്കുന്നത്. 

നാലാം വര്‍ഷിക പരിപാടിയുടെ ഭാഗമായി എന്ററെ കേരളം 2025 - പ്രദര്‍ശന വിപണനമേള സംഘടിപ്പിക്കുന്നതിന് 20.715 കോടി രൂപയാണ് നടപ്പ് സാമ്പത്തികവര്‍ഷത്തെ (2025-26) 2220-60-106-93 ഔട്ട്‌ഡോര്‍ പബ്‌ളിസിറ്റി പ്‌ളാന്‍ എന്ന ശീര്‍ഷകത്തില്‍ അനുവദിച്ചത്. 500 ഹോര്‍ഡിങ്ങുകളില്‍ പരസ്യം നല്‍കാന്‍ ഇതില്‍ 15.63 കോടി രൂപ വിലയിരുത്തിയിട്ടുണ്ട്. ഡിസൈന്‍ ചെയ്യുന്നതിനു മാത്രം 10 ലക്ഷം രൂപയും വകുപ്പിന്റെ 35 ഹോര്‍ഡിങ്ങുകളുടെ മെയിന്റനന്‍സിന് 68 ലക്ഷം രൂപയുമായണ് വകയിരുത്തിയിട്ടുള്ളത്. എല്‍ഇഡി സ്‌ക്രീന്‍ ഉപയോഗിച്ചുള്ള വാഹന പ്രചരണത്തിന് 3.3 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 

ഇതുകൂടാതെ ഈ മേളയുടെ ഏകോപനം, ജില്ലാ തല യോഗങ്ങള്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്കായി 5.2 കോടി രൂപയും കൂടി വകയിരുത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2025-26) 2220-01-001-96 സ്‌പെഷ്യല്‍ പബ്‌ളിക് റിലേഷന്‍സ് ക്യാംപെയ്ന്‍ പ്‌ളാന്‍ എന്ന ശീര്‍ഷകത്തിലാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. മൊത്തം ഈ ധൂര്‍ത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു മാത്രം അനുവദിച്ച തുക 25.915 കോടി വരും. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്  വെറും മൂന്ന് മാസം മാത്രം അകലെ നിൽക്കുമ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പ് ഒരു വർഷം മാത്രം ദൂരെ നിൽക്കുമ്പോൾ, സമ്പൂർണ്ണമായും സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കളമൊരുക്കുകയാണ് ഇടതു മുന്നണി.

കേരളത്തില്‍ ആശുപത്രികളിൽ ആവശ്യ മരുന്നുകൾ വാങ്ങാൻ പണമില്ലെന്ന് അവകാശപ്പെടുന്ന ഒരു സർക്കാർ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളകുടിശിക നല്‍കാന്‍ പണമില്ലെന്നവകാശപ്പെടുന്ന ഒരു സര്‍ക്കാര്‍, ക്ഷേമനിധി പെന്‍ഷനുകള്‍ നല്‍കാന്‍ പണമില്ലെന്നവകാശപ്പെടുന്ന ഒരു സര്‍ക്കാര്‍,  ആശാവര്‍ക്കര്‍മാര്‍ക്ക് വേതനവര്‍ധനയ്ക്കു പണമില്ലെന്നവകാശപ്പെടുന്ന ഒരു സര്‍ക്കാര്‍, പണമില്ലാത്തതു മൂലം റാങ്ക് ലിസ്റ്റില്‍ നിന്നു നിയമനങ്ങള്‍ നടത്തതാതെ അനധികൃത നിയമന നിരോധനം ഏര്‍പ്പെടുത്തുന്ന ഒരു സര്‍ക്കാര്‍ ഒരു തത്വദീക്ഷയുമില്ലാതെ കോടികള്‍ പ്രചാരണത്തിനു മാത്രം വകയിരുത്തിയിരിക്കുകയാണ്. പ്രചാരണത്തിന് ഇത്രകോടികള്‍ ചിലവഴിക്കുമെങ്കില്‍ പരിപാടിയുടെ ചിലവ് ഊഹിക്കുന്നതിനുമപ്പുറമായിരിക്കാം. 

എത്ര പണം ചിലവഴിച്ചും ആര്‍ഭാടത്തിന്റെ മേലങ്കികള്‍ ചാര്‍ത്തിയാലും ഭരണപരാജയത്തിന്റെ കൊടുംദുര്‍ഗന്ധത്തെ മറയ്ക്കാനാവില്ലെന്നോര്‍ക്കണം മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍. 

ഈ ധൂര്‍ത്തിന് നിങ്ങള്‍ കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി
വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്