
മലപ്പുറം: മുസ്ലീംലീഗ് കേരളത്തിലെ മുസ്ലീംകളെ മാത്രം പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്നവരെന്ന് സുപ്രീം കോടതിയിൽ വെളിപ്പെടുത്തിയവരാണെന്നും കോൺഗ്രസ് വോട്ട് ബാങ്കിന് വേണ്ടി പ്രീണന രാഷ്ട്രീയം കളിക്കുന്നവരാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഇക്കൂട്ടരുടെ ചതി മുനമ്പത്തെ 610 കുടുംബങ്ങൾ അനുഭവിച്ചതാണ്. ബിജെപി മാത്രമാണ് ജാതി- മത പരിഗണനകൾക്കപ്പുറം എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നതെന്നും മലപ്പുറം വെസ്റ്റ് ജില്ലാ വികസിത കേരളം കൺവൻഷനിൽ പങ്കെടുത്തു സംസാരിക്കവെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കെഎസ്ആർടിസിക്കാർക്കും പെൻഷൻകാർക്കും ശമ്പളം കൊടുക്കാൻ പൈസ ഇല്ലാത്ത സർക്കാരാണ് ഒൻപതാം വാർഷികത്തിന്റെ ആഘോഷ ധൂർത്ത് നടത്തുന്നത്. അതിനെയാണ് ബിജെപി ചോദ്യം ചെയ്യുന്നത്. കോൺഗ്രസും സിപിഎമ്മും യു പി എ കാലത്ത് അഴിമതികളിലൂടെ രാജ്യത്തെ തകർത്തവരാണ്. 2014ന് മുമ്പ് ലോകം ഇന്ത്യയെപ്പറ്റി ചർച്ച ചെയ്തത് ഏറ്റവും ദുർബലമായ സമ്പദ് ഘടന എന്നതായിരുന്നു. ഒരു രാജവംശത്തിനു വേണ്ടി രാജ്യത്തെ അഴിമതിയിൽ അവർ മുക്കി. എന്നാൽ 2014 മുതൽ മോദി ഭരണത്തിനു കീഴിൽ രാജ്യം വികസന വഴിയിൽ മുന്നോട്ട് പോയി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായി ഇന്ത്യയെ വളർത്തുകയാണ് മോദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ കഴിഞ്ഞ 9 വർഷവും ഭരിച്ച് കടം എടുക്കാതെ മുന്നോട്ട് പോകാനുള്ള വഴി ഇല്ലാത്ത അവസ്ഥയിലേക്കാണ് പിണറായി സർക്കാർ കേരളത്തെ എത്തിച്ചത്. ദേശീയ പാത നിർമിച്ചത് കേന്ദ്ര സർക്കാരാണെന്ന് കുഞ്ഞാലികുട്ടി നിയമസഭയിൽ പറഞ്ഞത് എല്ലാവരും കണ്ടതാണ്. സത്യം പറയാനാവാത്ത അവസ്ഥ രണ്ടു മുന്നണികൾക്കും വന്നു കഴിഞ്ഞു. കേരളം വികസിക്കണമെങ്കിൽ ബിജെപി അധികാരത്തിൽ എത്തണം. വലിയ നിർമാണ ശാലകൾ കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലേക്ക് നിരന്തരം വന്നു കൊണ്ടിരിക്കുന്നു. എന്നാൽ കേരളത്തിൽ മാത്രം വികസനം ഒന്നും തന്നെ നടക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഉള്ള കാലത്തോളം ഒരു മാറ്റവും വരില്ല. സംസ്ഥാനത്ത് മാറ്റം വരാൻ ബിജെപി അധികാരത്തിൽ എത്തണം. നമ്മൾ ആത്മാർത്ഥമായി പരിശ്രമിച്ചാൽ ജനങ്ങൾ കൂടെ നിൽക്കും. അവർ മാറ്റം ആഗ്രഹിക്കുന്നുണ്ട്. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണെന്ന് പാർട്ടിയുടെ ബൂത്തുതലം മുതൽ സംസ്ഥാന തലം വരെയുള്ള നേതാക്കൾ വീട് വീടാന്തരം കയറി വികസത കേരളം എന്ന സന്ദേശം ജനങ്ങൾക്ക് മുൻപിൽ വെക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വിടപറഞ്ഞ ഫ്രാൻസിസ് മാർപ്പാപ്പയോടുള്ള ആദര സൂചകമായി മലപ്പുറം വെസ്റ്റ് ജില്ലാ കൺവൻഷൻ ആരംഭിക്കും മുന്നേ ബിജെപി നേതാക്കളും പ്രവർത്തകരും മൗനം ആചരിച്ചു. ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി, ജില്ലാ അധ്യക്ഷ ദീപ പുഴക്കൽ, സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജില്ലാ കൺവൻഷനിൽ പ്രസംഗിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam