ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായി അധികൃതർ, കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 80 സെന്റീമീറ്ററായി ഉയർത്തും
പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉടൻ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം. രാവിലെ 9 മണിയോടെ ഷട്ടറുകൾ തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ജലനിരപ്പ് ഉയർന്നിട്ടില്ലാത്ത സാഹചര്യത്തിൽ നിലവിൽ ഡാം തുറക്കേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി. 112.30 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 115.06 മീറ്ററാണ് പരമാവധി സംഭരണ ശേഷി.
അതേസമയം മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 80 സെന്റീ മീറ്ററായി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഉള്ളതിനാലാണ് തീരുമാനം. നിലവിലെ ജലനിരപ്പ് റൂൾ കർവ് പ്രകാരമുള്ള ജലനിരപ്പിനെക്കാൾ കൂടുതലാണ്. ഈ സാഹചര്യത്തിൽ രാവിലെ 11ന് ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 80 സെന്റീമീറ്റർ വീതം ഉയർത്തുമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇന്നലെ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഡാമിലെ നിലവിലെ ജലനിരപ്പ് 94 മീറ്ററാണ്. 97.50 മീറ്ററാണ് പരമാവധി സംഭരണശേഷി.
ഇതിനിടെ, അട്ടപ്പാടിയിൽ ശക്തമായ കാറ്റിൽ പാക്കുളത്ത് വീടിന് മുകുളിൽ മരം വീണു. പാക്കുളം സ്വദേശി വിനോദിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. കുടുംബം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
സംസ്ഥാനത്ത് ആശ്വാസം, അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴയെ സൂചിപ്പിച്ച് പുറപ്പെടുവിച്ചിരുന്ന റെഡ് അലർട്ടുകൾ പിൻവലിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ തുടങ്ങി എട്ട് ജില്ലകളിൽ പുറപ്പെടുവിച്ച റെഡ് അലർട്ട് ആണ് പിൻവലിച്ചത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 4 ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പില്ല.
മുല്ലപ്പെരിയാർ ഷട്ടറുകൾ 11.30 തിന് തുറക്കും, ഇടുക്കി തുറക്കുന്നത് പരിഗണനയിൽ; ജാഗ്രതാ നിർദ്ദേശം
മഴ ശക്തമായ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽ വേ ഷട്ടറുകൾ തുറക്കാൻ തീരുമാനം. രാവിലെ 11.30 തിന് മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ട് മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയർത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മഴ ശക്തമായതിനാൽ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. മഴക്കെടുതി രൂക്ഷമായതിനാൽ എൻഡിആർഎഫി്നറെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടു. ഡാമുകൾ തുറക്കുന്നതിന്റ ഭാഗമായി ആവശ്യമെങ്കിൽ ജനങ്ങളെ ഒഴിപ്പിക്കും. മുന്നൊരുക്കങ്ങൾ പൂർണമാണെന്നും മന്ത്രി വ്യക്തമാക്കി.
കാലവർഷം ശക്തി പ്രാപിച്ച് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നാശനഷ്ടമുണ്ടായ കേരളത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം. പി ബെന്നി ബഹനാൻ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. ചാലക്കുടി പുഴ കരകവിഞ്ഞതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ക്യാമ്പുകളിലേക്ക് മാറിയത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളാണ് ദിനംപ്രതി സംഭവിക്കുന്നത്. വിഷയം പ്രാധാന്യത്തോടെ കണ്ട് കേരളത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നും, സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ബെന്നിബെഹ്നാൻ ആവശ്യപ്പെട്ടു.