തെക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ തുലാമഴ തുടരുന്നു. ശനിയാഴ്ച എട്ട് ജില്ലകളിൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിരീക്ഷിക്കുകയാണെന്നും കൂടുതൽ അറിയിപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഴ പെയ്യുമെന്നും അറിയിപ്പിൽ പറയുന്നു.
അറബികടലിലെ ശക്തി കൂടിയ ന്യൂന മർദ്ദം മഹാരാഷ്ട്ര തീരത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകുന്ന ന്യുന മർദ്ദം ഞായറാഴ്ചയോടെ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിൽ തമിഴ്നാട് തീരത്തിനു സമീപവും, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലും മുകളിലായി രണ്ട് ചക്രവാതചുഴികളും സ്ഥിതിചെയ്യുന്നു. അതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് നിഗമനം.