'സൗഹൃദങ്ങളില്‍ പങ്കിടേണ്ടത് പുകയല്ല, സ്നേഹം; പുക പങ്കുവെക്കുന്ന സൗഹൃദങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതല്ല'

By Web Desk  |  First Published Jan 4, 2025, 1:42 PM IST

സൗഹൃദങ്ങളിൽ പങ്കിടേണ്ടത് പുകയല്ല, സ്നേഹമാണെന്ന് യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. 


തിരുവനന്തപുരം: സൗഹൃദങ്ങളിൽ പങ്കിടേണ്ടത് പുകയല്ല, സ്നേഹമാണെന്ന് യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. പുകവലി പരാമർശത്തിൽ മന്ത്രി സജി ചെറിയാന് മറുപടിയായിട്ടായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. പുക പങ്കുവെക്കുന്ന ചെറുപ്പക്കാരുടെ സൗഹൃദങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതല്ലെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ മന്ത്രി സജി ചെറിയാന് ജയിലിൽ ബീഡി കൊടുത്തത് ആരാണെന്നും ചോദിച്ചു. കൊടി സുനിക്കും ക്രിമിനലുകൾക്കും സൗകര്യങ്ങളൊരുക്കിയത് കേട്ടിട്ടുണ്ട്. മന്ത്രിക്ക് ആര് ബീഡി കൊടുത്തെന്ന് വ്യക്തമാക്കണം. ഉത്തരവാദപ്പെട്ട മന്ത്രി തന്നെ പുകവലിയെ നിസാരവത്കരിക്കുന്നു എന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ എക്സൈസ് മന്ത്രി നിലപാട് വ്യക്തമാക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. 

എംഎൽഎ യു പ്രതിഭയുടെ മകൻ പ്രതിയായ കഞ്ചാവ് കേസിൽ പ്രതിഭയെ പിന്തുണച്ച് കൊണ്ടുള്ള സജി ചെറിയാന്‍റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടും. എഫ്‌ഐആറിൽ പുകവലിച്ചു എന്ന് മാത്രമാണുള്ളത്. പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല. താനും പുകവലിക്കാറുണ്ട്. പുകവലിച്ചു എന്നതിന് ജാമ്യമില്ലാത്ത കുറ്റം ചുമത്തുന്നത് എന്തിനാണെന്നായിരുന്നു സജി ചെറിയാന്‍റെ ചോദ്യം. കായംകുളത്ത് നടന്ന എസ് വാസുദേവൻ പിള്ള രക്തസാക്ഷി ദിന പരിപാടിയിൽ യു പ്രതിഭയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

Latest Videos

click me!