ഇത്തരം യാദൃശ്ചികതകളെ ഭയന്നാണ് സി പി എമ്മിലെ ജീർണ്ണതകളെ പറ്റി ആ പാർട്ടിയിലെ പല നേതാക്കളും മൗനമായിരിക്കുന്നതെന്നും രാഹുൽ പരിഹസിച്ചു
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിക്കാത്തതിലും ആ സങ്കടം വിനോദിനി കോടിയേരി പങ്കുവച്ച ദിവസം തന്നെ അവരുടെ സഹോദരനെ ചൂതാട്ടത്തിന് പിടികൂടിയ സംഭവത്തിലും പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കോടിയേരിയുടെ ദീർഘകാല പ്രവർത്തന മണ്ഡലമായിരുന്ന തിരുവനന്തപുരത്ത് അദ്ദേഹത്തിന്‍റെ ഭൗതികശരീരം എത്തിക്കേണ്ടതായിരുന്നുവെന്നും ആ വിലാപയാത്ര ആരാണ് അട്ടിമറിച്ചതെന്നും രാഹുൽ ചോദിച്ചു. ആരുടെ ധൃതിയാകാം കോടിയേരിക്ക് അർഹമായ ആ യാത്രമൊഴിയെ നിഷേധിച്ചിട്ടുണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു. ആ സങ്കടം വിനോദിനി കോടിയേരി പങ്കുവച്ച ദിവസം തന്നെ അവരുടെ സഹോദരനും യുണൈറ്റഡ് ഇൻഡസ്ട്രീസ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ എം ഡിയുമായ എസ് ആർ വിനയകുമാറിനെ ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ച് ചൂതാട്ടം നടത്തിയതിന് പൊലിസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമാകാമെന്നും രാഹുൽ പരിഹസിച്ചു. ഇത്തരം യാദൃശ്ചികതകളെ ഭയന്നാണ് സി പി എമ്മിലെ ജീർണ്ണതകളെ പറ്റി ആ പാർട്ടിയിലെ പല നേതാക്കളും മൗനമായിരിക്കുന്നതെന്നും മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
ശ്രീ കോടിയേരി ബാലകൃഷ്ണൻ മരണപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ ദീർഘകാല പ്രവർത്തന മണ്ഡലമായിരുന്ന തിരുവനന്തപുരത്ത് എത്തിക്കാഞ്ഞതിനെ പറ്റി വിമർശനം ഉയർന്നതാണ്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഒരു വിലാപയാത്ര അദ്ദേഹം അർഹിച്ചിരിന്നുവെന്ന് അദ്ദേഹത്തോട് ആഭിമുഖ്യമുള്ള പലരും അക്കാലത്ത് അഭിപ്രായപ്പെട്ടതുമാണ്.
ഇക്കാര്യത്തിലെ താല്പര്യം കുടുംബം നിലവിലെ പാർട്ടി സെക്രട്ടറി ശ്രീ MV ഗോവിന്ദനെ അറിയിച്ചിരുന്നുവെന്ന് കോടിയേരിയുടെ സഹധർമ്മിണി തെല്ലും പരിഭവത്തോടെ കഴിഞ്ഞ ദിവസം സ്ഥിരികരിക്കുകയും ചെയ്തു.
അപ്പോൾ ആരാണ് ആ വിലാപയാത്രയെ അട്ടിമറിച്ചിട്ടുണ്ടാവുക?
ആരുടെ ധൃതിയാകാം കോടിയേരിക്ക് അർഹമായ ആ യാത്രമൊഴിയെ നിഷേധിച്ചിട്ടുണ്ടാവുക?
എന്തായാലും ശ്രീമതി വിനോദിനി കോടിയേരി ഉള്ളുതുറന്ന് ഈ സങ്കടം പങ്ക് വെച്ച ദിവസം തന്നെ അതിനുശേഷം അവരുടെ സഹോദരനും യുണൈറ്റഡ് ഇൻഡസ്ട്രീസ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ MDയുമായ SR വിനയകുമാറിനെ ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ച് ചൂതാട്ടം നടത്തിയതിന് പോലിസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമാകാം....
ഇത്തരം യാദൃശ്ചികതകളെ ഭയന്നാണ് CPMലെ ജീർണ്ണതകളെ പറ്റി ആ പാർട്ടിയിലെ പല നേതാക്കളും മൗനമായിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം