സിക്‌സ് പാക്ക്, പുഷ് അപ്പ്, ഐക്കിഡോ, കടലില്‍ ചാട്ടം, നനഞ്ഞ പടക്കമായി രാഹുല്‍ ട്രിക്ക്‌സ്...

By Web Team  |  First Published May 2, 2021, 7:01 PM IST

ഭരണമാറ്റമെന്ന ആഗ്രഹവുമായി തിരുവനന്തപുരത്ത് ഹെലികോപ്റ്റര്‍ ഇറങ്ങിയ രാഹുല്‍ ഓട്ടോറിക്ഷയില്‍ കയറിയും കടലില്‍ ചാടിയും  എന്‍ട്രി കളറാക്കി എന്നത് വാസ്തവമാണ്. എന്നാല്‍, സിക്‌സ് പാക്ക്, പുഷ് അപ്പ്, ഐക്കിഡോ, ഓട്ടോറിക്ഷാ യാത്ര, കടലില്‍ ചാട്ടം ഇതെല്ലാമല്ലാതെ ഇടതുപക്ഷത്തിനെതിരെ ശക്തമായ രാഷ്ട്രീയ ക്യാംപയിന്‍ നടത്താന്‍ രാഹുലിന് സാധിച്ചില്ല...


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം വഴി കേരളത്തിലുണ്ടാക്കിയ തരംഗം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ ഏറെ പ്രതീക്ഷയോടെ കേരളത്തില്‍ വന്നിറങ്ങിയ രാഹുലിന്റെയും പ്രിയങ്കയുടെയും തന്ത്രങ്ങള്‍ ചീറ്റിയെന്ന് ഫലം വ്യക്തമാക്കുന്നു.  യുഡിഎഫിന്റെ മുഴുവന്‍ പ്രതീക്ഷയും ചുമലിലേറ്റി പ്രചാരണത്തിനിറങ്ങിയെങ്കിലും, ഒരിളക്കവും ഉണ്ടാക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ രാഹുല്‍ - പ്രിയങ്ക തരംഗം ഇത്തവണയും കേരളത്തെ മൊത്തം തൂത്തുവാരുമെന്ന യുഡിഎഫ് അണികളുടെ പ്രതീക്ഷ ഉറപ്പിക്കും വിധത്തിലായിരുന്നു ഉമ്മന്‍ചാണ്ടി മുതല്‍ മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും വരെയുള്ള നേതാക്കളുടെ പ്രതികരണങ്ങള്‍.

എന്നാല്‍, യു ഡി എഫിന്റെ ദയനീയ പരാജയത്തെ മാറ്റിമറിക്കാന്‍ ഈ കാമ്പെയിന്‍ താരങ്ങള്‍ക്കു കഴിഞ്ഞില്ല. ഭരണമാറ്റമെന്ന ആഗ്രഹവുമായി തിരുവനന്തപുരത്ത് ഹെലികോപ്റ്റര്‍ ഇറങ്ങിയ രാഹുല്‍ ഓട്ടോറിക്ഷയില്‍ കയറിയും കടലില്‍ ചാടിയും  എന്‍ട്രി കളറാക്കി എന്നത് വാസ്തവമാണ്. എന്നാല്‍, സിക്‌സ് പാക്ക്, പുഷ് അപ്പ്, ഐക്കിഡോ, ഓട്ടോറിക്ഷാ യാത്ര, കടലില്‍ ചാട്ടം ഇതെല്ലാമല്ലാതെ ഇടതുപക്ഷത്തിനെതിരെ ശക്തമായ രാഷ്ട്രീയ ക്യാംപയിന്‍ നടത്താന്‍ രാഹുലിന് സാധിച്ചില്ല.

Latest Videos

undefined

 

പിണറായി വിജയനെയോ ഇടത് ഭരണത്തിനെയോ ആഴത്തില്‍ വിമര്‍ശിക്കാനോ ബദലായി കോണ്‍ഗ്രസിന്റെ ആശയങ്ങളെ ജനങ്ങളിലെത്തിക്കാനോ രാഹുലിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, കേരളത്തില്‍ ബിജെപി - സിപിഎം ബാന്ധവമുണ്ടെന്ന് ആരോപിച്ച് സ്വയം അപഹാസ്യനാകുക കൂടിയായിരുന്നു രാഹുല്‍. ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഇടതുപക്ഷത്തെ സഹോദരപക്ഷമെന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി, കേരളത്തില്‍ ഇടത് - ബിജെപി ചങ്ങാത്തമുണ്ടെന്ന് ആരോപിച്ചത് ജനങ്ങള്‍ മുഖവിലക്കെടുത്തില്ലെന്ന് വേണം കരുതാന്‍.

കേരളത്തില്‍ ഓടി നടന്ന് പ്രചാരണം നടത്തുകയായിരുന്നു രാഹുല്‍. രാവിലെ വയനാട്, ഉച്ചക്ക് കോഴിക്കോട്, വൈകീട്ട് തിരുവനന്തപുരം എന്നിങ്ങനെ  പ്രചാരണം നടത്തിയിട്ടും പ്രചാരണത്തിനിറങ്ങിയ ജില്ലകളെല്ലാം എല്‍ഡിഎഫ് തൂത്തുവാരുകയാണ് ഉണ്ടായത്. രാഹുല്‍ പ്രധാനമായും പ്രചാരണം കേന്ദ്രീകരിച്ച നേമത്ത്, യുഡിഎഫിന്റെ പ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥിയായിരുന്ന, കോണ്‍ഗ്രസിന്റെ സംസ്ഥാന മുഖങ്ങളിലൊന്നായ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.

എന്‍ഡിഎയില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു മുരളീധരനെ മണ്ഡലത്തിലേക്കിറക്കിയത്. തിരുവനന്തപുരത്തെ പ്രചാരണത്തില്‍ കെ മുരളീധരനെ ചേര്‍ത്ത് നിര്‍ത്തി അദ്ദേഹം പരാജയപ്പെടില്ലെന്നൊക്കെ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നേമം മണ്ഡലത്തില്‍ മത്സരം ആദ്യം മുതല്‍ എന്‍ഡിഎയുടെ കുമ്മനം രാജശേഖരനും എല്‍ഡിഎഫിന്റെ വി ശിവന്‍കുട്ടിയും തമ്മില്‍ മാത്രമായിരുന്നു. ഒടുവില്‍ ഇടതുതരംഗം നേമത്തും ആഞ്ഞടിച്ചതിന്റെ ഭാഗമായി വിജയം ശിവന്‍കുട്ടിക്ക് തന്നെയായി.  

രാഹുലിന്റെ മണ്ഡലമായ വയനാട്ടിലുള്‍പ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്ത് മാത്രമാണ് യുഡിഎഫ് ജയിച്ചത്. തിരുവനന്തപുരത്ത് ഒരു മണ്ഡലമൊഴിച്ച് മുഴുവന്‍ മണ്ഡലങ്ങളും എല്‍ഡിഎഫ് നേടി. മറിച്ചല്ല പ്രിയങ്കയുടെ പ്രചാരണത്തിന്റെ അവസ്ഥയും. പ്രിയങ്ക പ്രചാരണം നടത്തിയ തൃശൂരിലും വടക്കാഞ്ചേരിയിലും യുഡിഎഫിന് പച്ചതൊടാനായില്ല.

click me!