ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയ സംഭവം നടന്നത് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തിക്കിടെ അല്ല എന്ന വസ്തുത ശ്രദ്ധയിൽപ്പെടുത്തുന്നു എന്നാണ് മന്ത്രി റിയാസ് വ്യക്തമാക്കിയത്
റാന്നി: പത്തനംതിട്ട റാന്നിയിൽ ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞെന്ന വാർത്തയോട് പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയ സംഭവം നടന്നത് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തിക്കിടെ അല്ല എന്ന വസ്തുത ശ്രദ്ധയിൽപ്പെടുത്തുന്നു എന്നാണ് മന്ത്രി റിയാസ് വ്യക്തമാക്കിയത്. പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായ പ്രചരണം നടത്തുന്നവരുണ്ടെന്നും അവർ വസ്തുത മനസിലാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. റോഡ് പണിയുടെ ഭാഗമായുള്ള കോൺക്രീറ്റ് പ്രവൃത്തിയിൽ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാർത്തയാണെന്നും മനസ്സിൽ പ്രതിഷേധം ഉയരുക സ്വാഭാവികവുമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ഈ പ്രവൃത്തി നടന്നത് കേരളത്തിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പണിക്കിടെയല്ലെന്നും മന്ത്രി കുറിച്ചു.
മന്ത്രി റിയാസിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ റോഡ് പണിയുടെ ഭാഗമായുള്ള കോൺക്രീറ്റ് പ്രവൃത്തിയിൽ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാർത്തയാണ്. മനസ്സിൽ പ്രതിഷേധം ഉയരുക സ്വാഭാവികവുമാണ്.
പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായ പ്രചരണം നടത്തുന്നവരുണ്ട്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തി അല്ല ഇത് എന്ന വസ്തുത ശ്രദ്ധയിൽപ്പെടുത്തുന്നു.
ചില തെറ്റായ പ്രവണതകൾ പൊതുമരാമത്ത് വകുപ്പിലും ഉണ്ടാകാറുണ്ട്. അവയെ പരമാവധി ഇല്ലായ്മ ചെയ്യുവാനുള്ള കഠിന ശ്രമം തുടരുക തന്നെ ചെയ്യുമെന്നും അറിയിക്കുന്നു.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ക്രിയാത്മക നിർദ്ദേശങ്ങൾ വിമർശനങ്ങൾ അഭിപ്രായങ്ങൾ തുടർന്നും ശ്രദ്ധയിൽപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.