ജയിൽ മോചിതനായ പി.വി അൻവർ വീട്ടിലെത്തി, വഴിനീളെ പ്രവർത്തകരുടെ സ്വീകരണം; ഇനി യുഡിഎഫുമായി കൈകോർക്കുമെന്ന് അൻവർ

By Web Desk  |  First Published Jan 6, 2025, 11:57 PM IST

ഇനി യുഡിഎഫുമായി കൈകോർത്ത് പ്രവ‍ർത്തിക്കുമെന്നാണ് ജയിൽ മോചിതനായ ശേഷം അൻവർ മാധ്യമങ്ങളോട് പറഞ്ഞത്.


നിലമ്പൂർ: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയ പി.വി അൻവർ എംഎൽഎ വീട്ടിലെത്തി. രാത്രി 8.25ഓടെ പുറത്തിറങ്ങിയ അൻവറിന് വഴിയിലുടനീളം പാർട്ടി പ്രവ‍ർത്തകർ സ്വീകരണമൊരുക്കിയിരുന്നു. പൂമാലയും പൊന്നാടയും അണിയിച്ചും പടക്കം പൊട്ടിച്ചുമാണ് പ്രവർത്തകർ അൻവറിനെ വരവേറ്റത്.

പ്രവർത്തകർ നൽകിയ ഇളനീർ കുടിച്ചുകൊണ്ട് പുറത്തേക്ക് വന്ന അൻവറിന് ചങ്കുവെട്ടിയിൽ വെച്ചായിരുന്നു ആദ്യം സ്വീകരണം. പിന്നീട് മഞ്ചേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡിഎംകെ പ്രവർത്തകർ സ്വീകരണമൊരുക്കി. ഇനി ഒറ്റയ്ക്കല്ലെന്നും ഒരുമിച്ചുള്ള പോരാട്ടമായിരിക്കുമെന്നും അൻവർ പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ അനുകൂല പ്രതികരണത്തിൽ പ്രതീക്ഷയുണ്ടെന്നും വനഭേദഗതി നിയമത്തിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും അൻവ‍ർ പറഞ്ഞു. പിണറായി സർക്കാറിന്റെ താഴെയിറക്കുകയായാണ് ലക്ഷ്യം. യോജിച്ച പോരാട്ടത്തിൽ ആരുമായും സഹകരിക്കും. ക്രിസ്ത്യൻ പുരോഹിതന്മാരുടെ പിന്തുണ തേടുമെന്നും അൻവർ പറഞ്ഞു. 

Latest Videos

വൈകിട്ടോടെ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ഉത്തരവും ബോണ്ടും ഉള്‍പ്പെടെ ജയിലിൽ എത്തിക്കാനുള്ള സമയവും നടപടിക്രമങ്ങളും നീണ്ടതോടെയാണ് ജയിൽ മോചനം വൈകിയത്. രാത്രി 7.45ഓടെയാണ് അൻവറിന്‍റെ മോചനത്തിനുള്ള ബോണ്ടുമായി ഡിഎംകെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ വിഎസ് മനോജ് കുമാര്‍ മലപ്പുറം തവനൂരിലെ ജയിലിലെത്തിയത്. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി തവനൂരിലെ ജയിലിൽ നിന്നും അൻവര്‍ പുറത്തിറങ്ങുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!