പിവി അൻവർ എംഎൽഎ റിമാൻഡിൽ, തവനൂർ സെൻട്രൽ ജയിലിലേക്ക്; നാളെ ജാമ്യാപേക്ഷ നൽകും

By Web Desk  |  First Published Jan 5, 2025, 11:51 PM IST

ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്.


മലപ്പുറം : നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ അറസ്റ്റിലായ നിലമ്പൂർ എംഎൽഎ പിവി അൻവർ റിമാൻഡിൽ. 14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തത്. തവനൂർ സെൻട്രൽ ജയിലിലേക്ക് അൻവറിനെ മാറ്റും. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്.  കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്. എഫ്ഐആറിൽ അൻവറിന്റെ മാത്രമാണ് പേരുളളത്. മറ്റുപ്രതികളുടെ പേര് വിവരങ്ങളുണ്ടായിരുന്നില്ല. പിന്നീട് 4 പേർ കൂടി ആശുപത്രിയിൽ വെച്ച് അറസ്റ്റിലാകുകയായിരുന്നു. നാളെ ജാമ്യാപേക്ഷ നൽകുമെന്ന് അൻവർ അറിയിച്ചു.  

'പിടികിട്ടാപ്പുള്ളിയല്ല, പൊതുപ്രവർത്തകനും എംഎൽഎയുമാണ്'; അൻവറിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ്

Latest Videos

പിവി അൻവർ അറസ്റ്റിൽ; നടപടി നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്തതിൽ കേസ്, പിണറായിയുടേത് ഭരണകൂട ഭീകരതയെന്ന് പ്രതികരണം

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് അൻവറിന്റെ പ്രതികരണം. എംഎൽഎ ആയതിനാൽ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അൻവർ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്. മോദിയേക്കാൾ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണെന്നും അൻവർ ആരോപിച്ചു. 

അതിനിടെ അൻവറിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തി. പി.വി അൻവർ എംഎൽഎയുടെ അറസ്റ്റിലെ സർക്കാരിൻറെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി വാർത്താക്കുറിപ്പിറക്കി. പൊതുമുതൽ നശിപ്പിച്ച കേസിന്റെ പേരിൽ പി വി അൻവറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സുധാകരൻ ചോദിച്ചു. അൻവറിനെതിരായ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.  

എന്നാൽ അറസ്റ്റിനെ ന്യായീകരിച്ച വനം മന്ത്രി എകെ ശശീന്ദ്രൻ, അറസ്റ്റ് പൊതുമുതൽ നശിപ്പിച്ച കേസിലാണെന്നും നിയമാനുസൃതമായ നടപടി മാത്രമാണെന്നും ചൂണ്ടിക്കാട്ടി. 

 

click me!