110 രൂപയ്ക്ക് മരുന്ന് വാങ്ങി 500ന്റെ നോട്ട് കൊടുത്തു; സംശയം പറഞ്ഞപ്പോൾ ആളെ കാണാനില്ല, ഗ്രാഫിക് ഡിസൈനർ കുടുങ്ങി

By Web Team  |  First Published Jul 18, 2024, 11:15 AM IST

അൻപത് രൂപയുടെ മുദ്രപത്രങ്ങൾ വാങ്ങി അതിലാണ് ഇയാൾ കള്ളനോട്ടുകൾ പ്രിന്റ് ചെയ്ചിരുന്നത്. ആറ് മാസമായി ഇത് തുടങ്ങിയിട്ടെന്നാണ് വിവരം.


തൃശ്ശൂർ: മരുന്ന് കടയിൽ കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയ ഗ്രാഫിക് ഡിസൈനർ തൃശ്ശൂരിൽ പിടിയിൽ. പാവറട്ടി സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്. 39 വയസുകാരനായ ജസ്റ്റിനെ കയ്പമംഗലം പൊലീസാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മൂന്നുപീടികയിലെ ഒരു മരുന്ന് കടയിൽ കള്ളനോട്ട് നൽകിയ സംഭവത്തിലായിരുന്നു അറസ്റ്റ്.

കടയിൽ നിന്ന് 110 രൂപക്ക് മരുന്ന് വാങ്ങിയ ജസ്റ്റിൻ 500 രൂപയുടെ നോട്ട് നൽകി. നോട്ട് കണ്ട് സംശയം തോന്നിയ കടയുടമ ഇത് കള്ളനോട്ടാണോ എന്ന് ചോദിക്കുകയും ചെയ്തു. ഇത് കേട്ട ജസ്റ്റിൻ തന്ത്രപൂർവം അവിടെ നിന്ന് സ്ഥലം വിട്ടു. പിന്നീട് നടത്തിയ പരിശോധനയിൽ കള്ളനോട്ടാണെന്ന് വ്യക്തമായതിനെ തുടർന്ന് കടയുടമ കയ്പമംഗലം പൊലീസിൽ പരാതി നൽകി.

Latest Videos

കടയിലെ സിസിടിവി ക്യാമറകളിൽ കള്ളനോട്ടുമായി എക്കിയ ജസ്റ്റിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്. പാവറട്ടിയിൽ ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനം നടത്തുന്നയാളാണ് ജസ്റ്റിൻ. ഈ സ്ഥാപനത്തിൽ നിന്ന് 500 രൂപയുടെ 12 കള്ളനോട്ട് കണ്ടെടുത്തു. കള്ളനോട്ട് പ്രിന്‍റ്ചെയ്യാൻ ഉപയോഗിച്ചിരുന്ന പ്രിന്‍ററും കംപ്യൂട്ടറും പിടിച്ചെടുത്തു. 

കഴിഞ്ഞ ആറ് മാസമായി കള്ളനോട്ട് പ്രിന്റിങ് തുടങ്ങിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ പലയിടത്തായി ഇത്തരത്തിലുള്ള കള്ളനോട്ടുകൾ നൽകിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ ജസ്റ്റിനെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!