മന്ത്രി തലത്തിലോ മുഖ്യമന്ത്രിയുമായോ ചർച്ചക്കുള്ള അവസരം വേണമെന്നും അത് വരെ പ്രതിഷേധങ്ങൾ തുടരുമെന്നും, എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പറയുന്നു.
തിരുവനന്തപുരം: താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് തൽക്കാലം നിർത്തിവച്ചതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. തയ്യാറാകുന്ന റാങ്ക് ലിസ്റ്റുകളിലെ അഞ്ചിലൊന്ന് നിയമനങ്ങളെങ്കിലും നടക്കണം. മന്ത്രി തലത്തിലോ മുഖ്യമന്ത്രിയുമായോ ചർച്ചക്കുള്ള അവസരം വേണമെന്നും അത് വരെ പ്രതിഷേധങ്ങൾ തുടരുമെന്നും, എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പറയുന്നു. താത്കാലികക്കാരെ ഇനി സ്ഥിരപ്പെടുത്തില്ലെന്ന തീരുമാനം സ്വാഗതാർഹമാണ്, പുതിയ തസ്തിക സൃഷ്ടിക്കാൻ ഇതിലൂടെ വഴിയൊരുക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
സമരം നിർത്തില്ലെന്നും, ശക്തമാക്കുമെന്നും സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സും വ്യക്തമാക്കുന്നു. സർക്കാർ തീരുമാനം പൊലീസ് ഉദ്യോഗാർത്ഥികളെ ബാധിക്കുന്നതല്ല. സ്പെഷ്യൽ റൂൾ കൊണ്ട് വന്ന് ലിസ്റ്റിൽ നിന്നും നിയമനം നടത്തണം. അതുവരെ സമരം തുടരുമെന്നും സിപിഒ റാങ്ക് ഹോൾഡേഴ്സ് പറയുന്നു.
ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് സ്ഥിരപ്പെടുത്തൽ തൽക്കാലം നിർത്തിവയ്ക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. സ്ഥിരപ്പെടുത്തൽ നടപടി സുതാര്യമാണെന്നും, എന്നാൽ പ്രതിപക്ഷം തെറ്റിദ്ധാരണ പടർത്തുകയാണെന്നും വിലയിരുത്തിയാണ് സ്ഥിരപ്പെടുത്തൽ തീരുമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുന്നത്.
ഇതുവരെ നടത്തിയ കരാർ നിയമനങ്ങളുടെ സ്ഥിരപ്പെടുത്തൽ റദ്ദാക്കില്ല. എന്നാൽ ഇന്നത്തെ മന്ത്രിസഭായോഗത്തിലടക്കം പരിഗണിച്ചിരുന്ന സ്ഥിരപ്പെടുത്തൽ തീരുമാനങ്ങൾ താൽക്കാലികമായി പരിഗണിക്കുന്നില്ലെന്ന് സർക്കാർ തീരുമാനിക്കുകയാണ്.
തത്സമയസംപ്രേഷണം: