അതേസമയം, അഴിമതി ആരോപണത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും പ്രമോദിന്‍റെ അടുത്ത നീക്കത്തിൽ പാർട്ടിക്ക് ആശങ്കയുണ്ട്. പ്രമോദിന് സ്വാധീനമുള്ള കോട്ടൂളി മേഖലയിൽ പ്രവർത്തകരുടെ അകൽച്ച ഇല്ലാതാക്കാനുള്ള നീക്കവും സിപിഎം ജില്ലാ നേതൃത്വം നടത്തും.
കോഴിക്കോട്: പിഎസ്‍സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎം പുറത്താക്കിയ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും. തനിക്ക് എതിരായ കോഴ ആരോപണത്തിൽ ആര്, ആർക്ക് പണം നൽകി എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പൊലീസ് അടക്കമുള്ള ഏജൻസികൾക്ക് പരാതി നൽകുക. അതേസമയം, അഴിമതി ആരോപണത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും പ്രമോദിന്‍റെ അടുത്ത നീക്കത്തിൽ പാർട്ടിക്ക് ആശങ്കയുണ്ട്.
ഇന്നലെ പാർട്ടിക്ക് പരാതി നൽകിയ ശ്രീജിത്തിന്‍റെ വീടിന് മുന്നിൽ കുടുംബത്തെ കൂട്ടി നടത്തിയ പ്രതിഷേധം പാർട്ടി നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. പ്രമോദിനെ തള്ളി പറഞ്ഞു കൂടുതൽ നേതാക്കൾ രംഗത്ത് വരാനും സാധ്യത ഉണ്ട്. പ്രമോദിന് സ്വാധീനമുള്ള കോട്ടൂളി മേഖലയിൽ പ്രവർത്തകരുടെ അകൽച്ച ഇല്ലാതാക്കാനുള്ള നീക്കവും സിപിഎം ജില്ലാ നേതൃത്വം നടത്തും. ആര് ആർക്ക് പണം നൽകി എന്നതിൽ വ്യക്തത വരുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രമോദിന്‍റെ തീരുമാനം. ഇതോടൊപ്പം നിയമ നടപടിയും തുടരാനാണ് തീരുമാനം.
ഇതിനിടെ, സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത 39 പേരും പ്രമോദിനെതിരെ നടപടി ആവശ്യപ്പെട്ടുവെന്ന വിവരവും പുറത്തുവന്നു. ലോക്കൽ കമ്മിറ്റിയാണ് പ്രമോദിനെതിരെ ആദ്യം പരാതി നല്‍കിയത്. പ്രമോദ് ആദ്യം ചെക്കായും പിന്നീട് അത് തിരികെ നൽകി പണമായും തുക കൈപ്പറ്റിയതായി പാർട്ടിക്ക് ബോധ്യപ്പെട്ടു. രണ്ടു പ്രാദേശിക ബിജെപി നേതാക്കൾ വഴിയാണ് ക്രമക്കേടിന് ശ്രമം നടത്തിയതെന്നും പാര്‍ട്ടി കണ്ടെത്തി.