ആകെ 10 പേർ, 10ഉം വിജയം, 57കാരന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂർത്തിയായി; അഭിമാനമായി മെഡിക്കൽ കോളേജുകൾ

By Web Team  |  First Published Nov 2, 2024, 4:47 PM IST

2022 ഫെബ്രുവരി 14ന് കോട്ടയം മെഡിക്കല്‍ കോളേജിലാണ് ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിപ്പിച്ചത്. തുടര്‍ന്നാണ് രണ്ട് മെഡിക്കല്‍ കോളേജുകളിലുമായി ഇത്രയും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയത്.


തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പത്താമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരമായി പൂര്‍ത്തിയായി. മൂന്ന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും 7 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കോട്ടയം മെഡിക്കല്‍ കോളേജിലുമാണ് നടന്നത്. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ രോഗികള്‍ക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ഇടപെട്ട് പരിഹരിക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ യാഥാര്‍ത്ഥ്യമാക്കിയത്. 

കോട്ടയത്ത് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവും തിരുവനന്തപുരത്ത് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം മേധാവി ഡോ. രമേശ് രാജനുമാണ് ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്നത്. രണ്ട് മെഡിക്കല്‍ കോളേജുകളിലെയും ആരോഗ്യ പ്രവര്‍ത്തകരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനം അറിയിച്ചു. ഏഴാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായത്. ഗുരുതര കരള്‍ രോഗം ബാധിച്ച മാവേലിക്കര സ്വദേശിയായ 57 വയസുകാരനാണ് കരള്‍ മാറ്റിവച്ചത്. 

Latest Videos

അദ്ദേഹത്തിന്റെ മകന്‍ മൂന്നാം വര്‍ഷ ബി.കോം. വിദ്യാര്‍ത്ഥിയായ 20 വയസുകാരനാണ് കരള്‍ പകുത്ത് നല്‍കിയത്. മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ കരള്‍ പകുത്ത് നല്‍കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന ഇച്ഛാശക്തിയുടെ ഫലമായാണ് ഈ സര്‍ക്കാരിന്റ കാലത്ത് ഇത് സാധ്യമാക്കിയത്. 

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നിരന്തരം ചര്‍ച്ചകളും ഇടപെടലുകളും നടത്തി മികച്ച സൗകര്യങ്ങളൊരുക്കിയാണ് മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയത്. 2022 ഫെബ്രുവരി 14ന് കോട്ടയം മെഡിക്കല്‍ കോളേജിലാണ് ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിപ്പിച്ചത്. തുടര്‍ന്നാണ് രണ്ട് മെഡിക്കല്‍ കോളേജുകളിലുമായി ഇത്രയും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയത്. കഴിഞ്ഞ മാസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു. ദാതാവും സ്വീകര്‍ത്താവും സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഇവര്‍ ആശുപത്രി വിട്ടിരുന്നു.

സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചിരിക്കുന്നത് ആരോഗ്യ മേഖലയുടെ വലിയൊരു നേട്ടം കൂടിയാണ്. സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവര്‍ ധാരാളമുണ്ട്. സ്വകാര്യ മേഖലയില്‍ 40 ലക്ഷത്തോളം രൂപ ഇത്തരം ശസ്ത്രക്രിയയ്ക്ക് വേണ്ടി വരും. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇതിനൊരു പരിഹാരം കാണാനാണ് സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയത്. 

ഇത് കൂടാതെ അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരിക എന്ന ലക്ഷ്യവുമായി കോഴിക്കോട് ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നു. അവയവങ്ങള്‍ക്ക് കേടുപാട് വന്നവരുടെ ചികിത്സ മുതല്‍ അവയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും പുനരധിവാസവും വരെയുള്ള സമഗ്ര പരിചരണം സാധ്യമാക്കുന്ന തരത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്.

Read More :  പ്രമേഹമുള്ളവർ പാദങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകണം, കാരണം

click me!