വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; ഗൂഢാലോചനയില്‍ തനിക്ക് ബന്ധമില്ലെന്ന് സുഹൈല്‍ ഷാജഹാൻ

By Web Team  |  First Published Jul 4, 2024, 11:35 PM IST

വിമാനത്തില്‍ ഗണ്‍മാൻ ഇരുന്ന പിന്‍സീറ്റിലാണ് ഇരുന്നത്. പ്രതിഷേധത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സീറ്റില്‍ നിന്നും എഴുന്നേറ്റിട്ടില്ലെന്നും സുഹൈല്‍ മൊഴി നല്‍കി.


തിരുവനന്തപുരം: വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തനിക്കൊരു ബന്ധവുമില്ലെന്ന് എകെജി സെന്‍റര്‍ ആക്രമണ കേസിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സുഹൈല്‍ ഷാജഹാൻ. പൊലീസ് ചോദ്യം ചെയ്യലിലാണ് സുഹൈല്‍ ഇക്കാര്യം വ്യക്തമാക്കിയത്.  മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ താനും ഉണ്ടായിരുന്നു. എന്നാല്‍, വിമാനത്തില്‍ ഗണ്‍മാൻ ഇരുന്ന പിന്‍സീറ്റിലാണ് ഇരുന്നത്. പ്രതിഷേധത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സീറ്റില്‍ നിന്നും എഴുന്നേറ്റിട്ടില്ലെന്നും സുഹൈല്‍ മൊഴി നല്‍കി. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോള്‍ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും സുഹൈല്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

എകെജി ആക്രമണ  കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ് സുഹൈല്‍. അതേസമയം, എകെജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് സുഹൈല്‍ ഷാജഹാനെ ക്രൈംബ്രാഞ്ച്  പല സ്ഥലങ്ങളെത്തിച്ചു തെളിവെടുപ്പ് നടത്തി. കഴക്കൂട്ടം, വെൺപാലവട്ടം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. എ.കെ.ജി സെന്‍റര്‍ ആക്രമണം നടക്കുമ്പോൾ സൂത്രധാരനായിട്ടുള്ള സുഹൈൽ നഗരത്തിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ആക്രണം നടന്ന ദിവസം രാത്രി ഇയാൾ സഞ്ചരിച്ച വഴികളിലൂടെയായിരുന്നു പൊലീസ് തെളിവെടുപ്പ് നടത്തിയത്. റിമാൻഡ് കാലാവധി കഴിഞ്ഞതിനാൽ സുഹൈലിനെ നാളെ കോടതിയിൽ ഹാജരാക്കും.

Latest Videos

undefined

2022ൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ഫർസീൻ മജീദിനും രണ്ടാം പ്രതി ആർ കെ നവീൻകുമാറിനും കോടതി ജാമ്യം അനുവദിചക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരായ ഈ പ്രതിഷേധത്തിന്‍റെ ഗൂഢാലോചനയില്‍ സുഹൈലിനും പങ്കുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം സുഹൈല്‍ നിഷേധിച്ചത്.


എകെജി സെൻ്ററിലേക്ക് ബോംബെറിയാനായി പദ്ധതി തയ്യാറാക്കുന്നത് യൂത്ത് കോണ്‍ഗ്രസ് മുൻ നേതാവും, കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍റെ അടുത്ത അനുയായിമായ സുഹൈൽ ഷാജഹാനെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ബോംബ് എറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡൻ്റ് വി ജിതിനെ അറസ്റ്റ് ചെയ്തതോടെയാണ് ഗൂഢാലോചന പുറത്തുവരുന്നത്. പണം നൽകിയും വാഹനം നൽകിയതും ഒളിവിൽ പോകാൻ സഹായിച്ചതുമെല്ലാം സുഹൈലാണെന്നാണ് ജിതിൻ്റെ മൊഴി. ജിതിനെ ഒളിവിൽ പോകാൻ സഹായിച്ച നവ്യയെയും അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാൻ ക്രൈംബ്രഞ്ചിന് കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം  ദില്ലി വിമാനത്താവളത്തിൽ നിന്നും കാണ്മണ്ഡുവിലേക്ക് പോകുന്നതിനിടെയാണ് എമിഗ്രേഷൻ വിഭാഗം സുഹൈലിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയ പ്രതിയെ തലസ്ഥാനത്ത് എത്തിക്കുകയായിരുന്നു. സംഭവ ശേഷം ദുബായിലും അവിടെ നിന്നും ഇംഗ്ലണ്ടിലേക്കും പോയെന്നാണ് സുഹൈലിന്‍റെ മൊഴി. ഇംഗ്ലണ്ടിൽ ഭാര്യയുടെ പഠന ശേഷം വീണ്ടും ദുബായിലെത്തി. കുടുംബത്തെ നാട്ടിലേക്ക് അയച്ച ശേഷം കാണ്മണ്ഡുവിൽ വന്നു. അവിടെ നിന്നും റോഡ് മാർഗം ദില്ലയിലും, വിമാനം മാർഗം കൊച്ചയിലും ഇറങ്ങി.

കൊച്ചിയിലും കണ്ണൂരും കഴിഞ്ഞ ശേഷം വീണ്ടും ദില്ലയിലെത്തി കാണ്മണ്ഡുവിലേക്ക് പോകാനായി തയ്യാറാെടുക്കുമ്പോഴാണ് എമിഗ്രേഷൻ വിഭാഗം പിടികൂടുന്നത്. സുഹൈലിനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കിയിരുന്നു. മുഖ്യസൂത്രധാരനെ കൂടി പിടിയിലായ സഹാചര്യത്തിൽ വിചാരണ വൈകാതെ തുടങ്ങും. കെപിസിസി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതിന്‍റെ പ്രതികാരമായിരുന്നു എകെജി സെൻ്റർ ആക്രമണമെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. 2022 ജൂലൈ ഒന്നിനാണ് ആക്രണം നടന്നത്. 

എകെജി സെന്റർ ആക്രമണക്കേസ്; രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ ദില്ലിയിൽ നിന്നും അറസ്റ്റിൽ


 

click me!