'ഒരേ വീട്ടിലുള്ള ഭാര്യ-ഭർത്താവ്, പക്ഷെ ഒരു ബന്ധവുമില്ല, ഉറക്കവും പാചകവും വരെ വെവ്വേറെ, ബാധിക്കുന്നത കുട്ടികളെ'

By Web Desk  |  First Published Jan 8, 2025, 9:37 PM IST

ദമ്പതിമാരുടെ വിവാഹേതര ബന്ധങ്ങളും തെറ്റായ സന്ദേശമാണ് കുട്ടികൾക്ക് പകർന്നു നൽകുന്നത്. വിവാഹമേ വേണ്ട എന്ന ചിന്തയിലേക്കും അവർ മാറി പോകുന്നുണ്ട്


തിരുവനന്തപുരം: ദമ്പതിമാർക്കിടയിലെ പ്രശ്നങ്ങൾ അവരുടെ കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി വനിത കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതിദേവി. തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന തിരുവനന്തപുരം ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. ഈ കുട്ടികളിൽ പലർക്കും കൗൺസിലിംഗ് ആവശ്യമായി വരുന്നുണ്ട്. ഒരേ വീട്ടിൽ തന്നെ താമസിക്കുന്ന ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഒരു ബന്ധവുമില്ല. അദാലത്തിന് അവർ വരുന്നത് ഒരു വീട്ടിൽ നിന്നാണ്. എന്നാൽ വീടിനുള്ളിൽ ഉറക്കവും പാചകവും എല്ലാം വെവ്വേറെയാണ്. അവരുടെ കുട്ടികളിൽ ഇത് ഉണ്ടാക്കുന്ന മാനസിക ആഘാതം വലുതാണെന്നും ചെയർപേഴ്സൺ ഓർമിപ്പിച്ചു. കുട്ടികളുടെ പഠനത്തെയും ജീവിതത്തെയും കാഴ്ചപ്പാടിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ദമ്പതിമാരുടെ വിവാഹേതര ബന്ധങ്ങളും തെറ്റായ സന്ദേശമാണ് കുട്ടികൾക്ക് പകർന്നു നൽകുന്നത്. വിവാഹമേ വേണ്ട എന്ന ചിന്തയിലേക്കും അവർ മാറി പോകുന്നുണ്ട്. നിയമപരമായ അവകാശത്തിനായി ഭാര്യ പരാതിപ്പെടുമ്പോൾ ആ നിയമത്തിന്റെ പരിധിയിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ പോകുന്ന ഭർത്താക്കന്മാരുമുള്ളതായി കണ്ടുവരുന്നു. ഇത്തരത്തിലുള്ള രണ്ട് കേസുകളാണ് ഇന്ന് അദാലത്തിന്റെ പരിഗണനയ്ക്ക് വന്നത്. പുരുഷൻ്റെ വീട്ടുകാർക്ക് അയാൾ എവിടെയാണെന്ന് അറിയാം. എന്നാൽ ഒളിവിലാണ് പുരുഷൻ. ഫോണിൽ പോലും അയാളെ ബന്ധപ്പെടാൻ കഴിയാത്ത  അവസ്ഥയാണെന്ന് പരാതിക്കാർ ബോധിപ്പിച്ചു. ഈ കേസുകളിൽ hzeലീസിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Latest Videos

ലിവിങ് ടുഗദറിന്റെ അർത്ഥം മനസ്സിലാക്കാതെയാണ് പലരും ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നതെന്ന് ചില പരാതികളിൽ നിന്നും മനസ്സിലാകുന്നു. സാധാരണ വിവാഹബന്ധം വേർപിരിയുന്ന പോലെയാണ് ലിവിങ് ടുഗതർ ബന്ധങ്ങളെയും സ്ത്രീകൾ കാണുന്നത്. എന്നാൽ നിയമത്തെക്കുറിച്ച് പുരുഷന്മാർ ബോധവാന്മാരുമാണ്. ഇത് സംബന്ധിച്ച അവബോധം സ്ത്രീകൾക്ക് നൽകേണ്ടതായുണ്ട്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പരാതി ജില്ലയിൽ കൂടുതലായി കണ്ടുവരുന്നു. വെറും വിശ്വാസത്തിന്റെ പേരിൽ ഈടോ തെളിവുകളോ ഇല്ലാതെയാണ് പണം നൽകുന്നത്. ഈ പണം തിരികെ കിട്ടാതെ ആകുന്നതോടെ പരാതിയും കേസുമാവും. 

എന്നാൽ തെളിവും ഈടും ഒന്നുമില്ലാത്തതിനാൽ കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കുക എളുപ്പമല്ലെന്നും അഡ്വ. പി. സതീദേവി ചൂണ്ടിക്കാട്ടി. ഇന്ന് പരിഗണിച്ച് 300 പരാതികളിൽ 64 എണ്ണം പരിഹരിച്ചു. 18 പരാതികളിൽ റിപ്പോർട്ട് തേടി. ആറ് പരാതികൾ കൗൺസിലിംഗിന് അയച്ചു. 212 പരാതികൾ തുടർന്നും കേൾക്കുന്നതിനായി അടുത്തമാസത്തെ അദാലത്തിലേക്ക് മാറ്റിവച്ചു. വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ ഐപിഎസ്, സി ഐ ജോസ് കുര്യൻ, എസ് ഐ മിനുമോൾ, അഭിഭാഷകരായ രജിത റാണി, അഥീന, അശ്വതി, കൗൺസിലർ സിബി എന്നിവരും അദാലത്തിൽ പരാതികൾ പരിഗണിച്ചു.

ദുർമന്ത്രവാദവും ആഭിചാരവുമായി സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന പരാതികളുണ്ട്; ജാഗ്രത പാലിക്കണമെന്ന് വനിതാ കമ്മിഷൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!